ബംഗാൾ തീരത്തിനു സമീപം തീവ്രന്യൂനമർദം അതിതീവ്ര ന്യൂനമർദമായതോടെ കേരളത്തിൽ കനത്ത മഴ. കാലവർഷത്തിന്റെ ഭാഗമായി അടുത്ത 4 ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിനു മുകളിൽ തുടരും. കേരളത്തിൽ വരും ദിവസങ്ങളിലും വ്യാപക മഴയ്ക്കു സാധ്യതയുണ്ട്. റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ലാത്ത ജില്ലകളിലെല്ലാം ഇന്ന് ഓറഞ്ച് അലർട്ടാണ്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് കലക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.
തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ ശക്തമായ കാറ്റും മഴയുമാണ്. ഇതേ തുടര്‍ന്ന് പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി. ഇന്നലെ വൈകുന്നേരം പോയ വൈദ്യുതി പലയിടത്തും പുനസ്ഥാപിച്ചില്ല. വൈദ്യുതിപോസ്റ്റുകളിൽ മരം വീണുണ്ടായ നാശനഷ്ടം പരിഹരിക്കാനുള്ള കാലതാമസമാണെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്.
കോട്ടയത്ത് രാത്രിയിൽ പലയിടത്തും ശക്തമായ മഴ പെയ്തു. രാവിലെയും മഴ തുടരുകയാണ്. മണിമല, മീനച്ചിൽ, മൂവാറ്റുപുഴ നദികളിൽ ജലനിരപ്പ് ഉയർന്നു നിൽക്കുകയാണ്. 10 ദുരിതാശ്വാസക്യാമ്പുകളാണ് ഇടുക്കിയിൽ പ്രവര്‍ത്തിക്കുന്നത്. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളിൽ ജീവിക്കുന്ന കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. കണ്ണൂരിൽ ഇടവിട്ട് മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കൊച്ചി നഗരത്തിലും ആലുവ അടക്കം ഉള്ള പ്രദേശങ്ങളിലും മഴ തുടരുന്നു.
പലയിടത്തും ട്രാക്കിൽ മരം വീണതോടെ ട്രെയിനുകൾ വൈകിയോടുകയാണ്. തിരുവനന്തപുരത്ത്നിന്ന് കോഴിക്കോട് വരെയുളള ജനശതാബ്ദി എക്സ്പ്രസ് പുറപ്പെടുന്നത് വൈകുകയാണ്. രാവിലെ 5.55ന് സര്‍വീസ് ആരംഭിക്കേണ്ട ട്രെയിന്‍ 8.45നായിരിക്കും പുറപ്പെടുക. പെയറിങ് ട്രെയിൻ വൈകിയതാണ് ജനശതാബ്ദി വൈകാൻ കാരണം. ഇന്നലെ കോഴിക്കോട്‌നിന്ന് ഉച്ചയ്ക്ക് 1.45ന് സര്‍വീസ് ആരംഭിച്ച ട്രെയിന്‍ പുലര്‍ച്ചെ 1.41ന് ആണ് തിരുവനന്തപുരത്ത് എത്തിയത്.
കുമ്പളം കായലിൽ നോർത്ത് ഓളി ഊന്നിപ്പാടിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. പറവൂർ കെടാമംഗലം മുളവുണ്ണിരാമ്പറമ്പിൽ രാധാകൃഷ്ണനെയാണ്(62) കാണാതായത്. കൂടെ ഉണ്ടായിരുന്ന കെടാമംഗലം വടക്കുപുറം സുരേഷ് (58) രക്ഷപ്പെട്ടു. മീൻ പിടിക്കാൻ കുമ്പളം കായലിൽ എത്തിയതായിരുന്നു. ഇന്നലെ വൈകിട്ട് ആറോടെ പെട്ടെന്നുണ്ടായ കാറ്റിൽ വള്ളം മറിയുകയായിരുന്നു.
കുമളിയിൽ തമിഴ്നാട് ചെക്പോസ്റ്റിനു സമീപം ലോറിയുടെ മുകളിലേക്ക് മരം വീണ് കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു. കാസർകോട് ബോവിക്കാനത്ത് തുണിയലക്കാൻ പോയ വീട്ടമ്മ വീടിനു മുന്നിലെ തോട്ടിൽ ഒഴുക്കിൽപെട്ട് മരിച്ചു. ആലപ്പുഴയിൽ കാൽ വഴുതി കനാലിൽ വീണ ഹൗസ് ബോട്ട് ജീവനക്കാരൻ മരിച്ചു. പുന്നപ്രയിൽ മീൻ പിടിക്കാൻ പോയ അറുപത്തഞ്ചുകാരനെ പാടശേഖരത്തിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെ വിഴിഞ്ഞത്തു തെങ്ങു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
കണ്ണൂർ പാട്യം മുതിയങ്ങയിൽ തോട്ടിൽ വീണ് വീട്ടമ്മയെ കാണാതായി. കൊച്ചിയിൽ കുമ്പളം കായലിൽ വള്ളം മറിഞ്ഞ് കെടാമംഗലം സ്വദേശിയായ മത്സ്യത്തൊഴിലാളിയെ കാണാതായി. വീരൻപുഴയിൽ വഞ്ചി മറിഞ്ഞ് കൊച്ചിയിൽ ചെറായി സ്വദേശിയെ കാണാതായി.