സമ്പൂര്‍ണ്ണ പോര്‍ട്ടലില്‍ കൃത്രിമം:അധ്യാപകനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

കല്‍പ്പറ്റ: അധ്യാപക തസ്തിക നിലനിര്‍ത്താന്‍ സമ്പൂര്‍ണ പോര്‍ട്ടലില്‍ കുട്ടികളുടെ എണ്ണത്തില്‍ തിരിമറി നടത്തിയ അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. കോട്ടത്തറ ഗവ.ഹൈസ്‌കൂളിലെ മലയാളം അധ്യാപകന്‍ ബി ശ്രീജേഷ് ഗുരുതരമായ അച്ചടക്കലംഘനം നടത്തിയത് അന്വേഷണത്തിലൂടെ കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍വ്വീസില്‍ നിന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ (ഡി.ഡി.ഇ) സസ്‌പെന്റ് ചെയ്തത്. സമ്പൂര്‍ണ പോര്‍ട്ടലില്‍ (സ്‌കൂളുകളിലെ മുഴുവന്‍ കുട്ടികളുടെയും സമ്പൂര്‍ണ വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കുന്ന സോഫ്റ്റ് വെയര്‍) വിദ്യാഭ്യാസ വകുപ്പ് മേലധികാരികളുടെ അനുമതിയില്ലാതെ തിരുത്തലുകള്‍ നടത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അതീവ രഹസ്യ സ്വഭാവമുള്ളതും സുരക്ഷിതവുമായ സ്‌കൂള്‍ സമ്പൂര്‍ണ്ണ പോര്‍ട്ടല്‍ സോഫ്റ്റ് വെയറിലാണ് മലയാളം അധ്യാപക തസ്തിക നിലനിര്‍ത്താന്‍ കുട്ടികളുടെ എണ്ണത്തില്‍ കൃത്രിമം നടത്തിയത്. ജില്ലവിദ്യാഭ്യാസ ഉപഡയരക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഡി.ഇ. ഒ. നടത്തിയ അന്വേഷണത്തിലാണ് പരാതികളെല്ലാം ശരിവെക്കുന്നതും അധ്യാപകന്‍ കുറ്റക്കാരനാണെന്നും കണ്ടെത്തിയത്. തിരിമറി നടത്തിയതിന്റെ ഡിജിറ്റല്‍ തെളിവുകളടക്കം ശേഖരിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ (ഡി.ഇ.ഒ ), ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് (ഡി.ഡി.ഇ) അറുപതിലധികം പേജുകള്‍ വരുന്ന വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Comments (0)
Add Comment