മാര്‍ച്ചില്‍ പരീക്ഷ, മേയില്‍ ഫലം; എസ്എസ്എല്‍സി മുതല്‍ പ്ലസ് ടു വരെ: പ്രധാന തീയതികള്‍

തിരുവനന്തപുരം∙ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍.എസ്‌.കെ. ഉമേഷ്. ചോദ്യപേപ്പര്‍ തയാറാക്കല്‍ നടപടിക്രമങ്ങള്‍ അതിന്റെ എല്ലാ ഗൗരവത്തോടെയും പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 5ന് ആരംഭിച്ച് 30ന് അവസാനിക്കും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷകള്‍ മാര്‍ച്ച് 5 മുതല്‍ 27 വരെയും രണ്ടാം വര്‍ഷ പരീക്ഷകള്‍ മാര്‍ച്ച് 6 മുതല്‍ 28 വരെയുമാണ്. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ രാവിലെ 9.30നും (വെള്ളിയാഴ്ച 9.15ന്) പ്ലസ് വണ്‍ പരീക്ഷകള്‍ ഉച്ചയ്ക്ക് 1.30നും ആണ് ആരംഭിക്കുക. 4.25 ലക്ഷം കുട്ടികള്‍ എസ്എസ്എല്‍സി പരീക്ഷയും 9 ലക്ഷത്തോളം കുട്ടികള്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും 53000 ല്‍പരം വിദ്യാര്‍ഥികള്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും എഴുതും. ഐടി പരീക്ഷ ഫെബ്രുവരി 2 മുതല്‍ 13 വരെ നടക്കും.

മോഡല്‍ പരീക്ഷയ്ക്കുള്ള ചോദ്യപേപ്പര്‍ തയാറായി. 16 മുതല്‍ 20 വരെയാണ് മോഡല്‍ പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാതലത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഉദ്യേഗസ്ഥ സ്‌ക്വാഡുകള്‍ പരീക്ഷാകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തും. ചീഫ് സൂപ്രണ്ടുമാരുടെ നിയമന നടപടികളും പൂര്‍ത്തിയായി. ഒരു തരത്തിലുള്ള തര്‍ക്കത്തിനും ഇടയാക്കാത്ത തരത്തിലാണു രഹസ്യസ്വഭാവത്തില്‍ ചോദ്യപേപ്പര്‍ തയാറാക്കല്‍ പുരോഗമിക്കുന്നത്. മൂന്നോ, നാലോ സെറ്റ് ചോദ്യക്കടലാസുകളില്‍നിന്ന് അധികൃതര്‍ തിരഞ്ഞെടുക്കുന്ന ചോദ്യക്കടലാസാവും കുട്ടികള്‍ക്കു നല്‍കുക. ചോദ്യപേപ്പര്‍ ലഭിച്ചു കഴിഞ്ഞാല്‍ നിശ്ചിത സമയത്തിനുള്ളില്‍ അവ വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കും. ദേശസാല്‍കൃത ബാങ്കുകളിലും സര്‍ക്കാര്‍ ട്രഷറകളിലുമാണ് ചോദ്യപേപ്പര്‍ സൂക്ഷിക്കുന്നത്. പരീക്ഷാ ദിവസം നേരിട്ട് അതത് കേന്ദ്രങ്ങളിലേക്ക് എത്തിക്കും. ചീഫ് സൂപ്രണ്ട്, ഡപ്യൂട്ട് സൂപ്രണ്ട്, ഇന്‍വിജിലേറ്റര്‍ എന്നിവരുടെ സാന്നിധ്യത്തിലാണും ചോദ്യക്കടലാസ് തുറന്നു വിതരണം ചെയ്യുക.

മൂല്യനിര്‍ണയത്തിനുള്ള ക്യാംപുകള്‍ നിശ്ചയിച്ചു കഴിഞ്ഞു. പരീക്ഷ കഴിയുന്നതോടെ ഉത്തരക്കടലാസുകള്‍ അവിടെ എത്തിച്ച് സൂക്ഷിക്കും. തുടര്‍ന്ന് നിശ്ചിത സമയപരിധിക്കുള്ള മൂല്യനിര്‍ണയം നടത്തി മേയ് 7ന് ബോര്‍ഡ് മീറ്റിങ് ചേര്‍ന്ന് 8ന് പരീക്ഷാഫലം പ്രഖ്യാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏപ്രില്‍ 7 മുതല്‍ 25 വരെയാണ് മൂല്യനിര്‍ണയം. നിലവില്‍ പരീക്ഷകളുടെ ഉത്തരക്കടലാസ് വിതരണം ഏതാണ്ട് അവസാനഘട്ടത്തിലാണ്. യുഎഇയിലും പരീക്ഷാ സെന്ററുകള്‍ ഉണ്ട്. ചീഫ് സൂപ്രണ്ടുമാര്‍ അതത് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരും ഡപ്യൂട്ടി ചീഫ് സൂപ്രണ്ട് സംസ്ഥാനത്തുനിന്ന് സര്‍ക്കാര്‍ നിയോഗിക്കുന്ന അധ്യാപകരുമാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തുകയും ചെയ്യും. പ്ലസ്ടു ഫലപ്രഖ്യാപനം മേയ് 22ന് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments (0)
Add Comment