ബാങ്ക് കരസ്ഥപ്പെടുത്തിയ വീട്ടില്‍ കുടുംബം താമസം പുനരാരംഭിച്ചു

സുല്‍ത്താന്‍ ബത്തേരി: വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ബാങ്ക് കരസ്ഥപ്പെടുത്തിയ വീട്ടില്‍ കുടുംബം തിരികെ കയറി. മൂലങ്കാവ് ചാന്തിയം കവലയിലെ ഭിന്നശേഷിക്കാരനായ ചേനമൂല ജയനും കുടും ബവുമാണ് സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസംവീട്ടില്‍ താമസം പുനരാരംഭിച്ചത്.2018ലാണ് ജയന്‍ അഞ്ച് സെന്റ് സ്ഥലവും വീടും വാങ്ങുന്നതിന് സാലറി സര്‍ട്ടിഫിക്കറ്റ് ഈട് നല്‍കി യൂണിയന്‍ ബാങ്കിന്റെ ബത്തേരി ശാഖയില്‍നിന്ന് 18,30,000 രൂപ വായ്പയെടുത്തത്. ഇതില്‍ 1,65,846 രൂപ ഗഡുക്കളായി തിരിച്ചടച്ചു. അമ്മയും ഭാര്യയും രോഗികളായതോടെ തിരിച്ചടവ് മുടങ്ങി. ബാങ്ക് 2024 ഡിസംബര്‍ 12നാണ് വീടും സ്ഥലവും കരസ്ഥപ്പെടുത്തിയത്. പിന്നീട് കുടുംബം മൂലങ്കാവില്‍ വാടകയ്ക്കാണ് താമസിച്ചത്. ജയന്‍ ജോലിയില്‍നിന്നു വിരമിച്ചതോടെ പെന്‍ഷന്‍മാത്രമായി കുടുംബത്തിന്റെ വരുമാനം. ഇതില്‍ വാടക നല്‍കിക്കഴിഞ്ഞുള്ള തുക കുടുംബത്തിന്റെ ദൈനംദിന ചെലവിനും ചികിത്സയ്ക്കും പര്യാപ്തമാകുന്നില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ ത്തുടര്‍ന്നായിരുന്നു സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ ഇടപെടല്‍. വീട് ഒഴിയില്ലെന്ന നിലപാടിലാണ് ജയനും കുടുംബവും. ജയന് പൂര്‍ണ പിന്തുണ നല്‍കുമെന്നും ഇറക്കിവിടുന്നതിന് നീക്കമുണ്ടായാല്‍ ശക്തമായി ചെറുക്കുമെന്നും സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം ജില്ലാ കണ്‍വീനര്‍ സി.കെ. ഗോപാലന്‍ പറഞ്ഞു.

Comments (0)
Add Comment