മൃഗശാലയില്‍ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ ഡോക്ടര്‍ മരിച്ചു

ബംഗളൂരു: ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ മൃഗഡോക്ടര്‍ മരിച്ചു. ശിവമോഗയിലെ തവരെക്കൊപ്പ ലയണ്‍ ആന്‍ഡ് സഫാരി മൃഗശാലയിലെ മൃഗഡോക്ടര്‍ ഡോ. സമീക്ഷ റെഡ്ഡി (26) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30 ഓടെ ആണ് സംഭവം. പരിചരിക്കുന്നതിനിടെയാണ് ഹിപ്പോപ്പൊട്ടാമസ് ഡോക്ടറെ ആക്രമിക്കുകയായിരുന്നുവെന്ന് വനം മന്ത്രി ഈശ്വര്‍ ഖന്‍ഡ്രെയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.

മൃശശാലയില്‍ സമീക്ഷ കരാര്‍ അടിസ്ഥാനത്തിലാണ് ജോലി ചെയ്തിരുന്നത്. അപകടത്തെ തുടര്‍ന്ന് ഇവരെ ശിവമോഗയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ 6.30 ഓടെയാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുതിര്‍ന്ന മൃഗഡോക്ടര്‍മാരും വനം ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സംഘത്തെ നിയോഗിക്കാന്‍ മന്ത്രി ഉത്തരവിട്ടു. അന്വേഷണ റിപ്പോര്‍ട്ട് ഏഴ് ദിവസത്തിനുള്ളില്‍ നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.അപകടം ദൗര്‍ഭാഗ്യകരമൈന്ന് പറഞ്ഞ മന്ത്രി, ഡോക്ടറുടെ കുടുംബത്തിന് മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു. സംസ്ഥാനത്തെ എല്ലാ മൃഗശാലകളിലെയും മൃഗഡോക്ടര്‍മാര്‍ വന്യമൃഗങ്ങളെ ചികിത്സിക്കുമ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങള്‍ (എസ്ഒപി) കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Comments (0)
Add Comment