‘48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഊർജ പ്ലാന്റുകൾ തകർക്കും’: അന്ത്യശാസനവുമായി ഡോണൾഡ് ട്രംപ്

വാഷിങ്ടൻ ∙ ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനം. ഈ നിമിഷം മുതൽ 48 മണിക്കൂറിനുള്ളിൽ ഇറാൻ ഹോർമുസ് കടലിടുക്ക് ഭീഷണിയില്ലാതെ പൂർണമായി തുറന്നില്ലെങ്കിൽ, യുഎസ് അവരുടെ വിവിധ ഊർജ പ്ലാന്റുകൾ ആക്രമിച്ച് തകർക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഏറ്റവും വലുതിൽ നിന്നായിരിക്കും തുടക്കമെന്നും അദ്ദേഹം തന്റെ സമൂഹമാധ്യമ അക്കൗണ്ടായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. സൈനിക നടപടികൾ പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നാണ് ട്രംപ് ഇന്നലെ പറഞ്ഞിരുന്നു. എന്നാൽ പ്രവചനാതീതവും അസ്ഥിരവുമായ നിലപാടുകൾ സ്വീകരിക്കുന്ന ട്രംപിന്റെ പതിവ് ശൈലിയായിരുന്നു ഇതെന്നായിരുന്നു വിലയിരുത്തൽ. ‘‘പശ്ചിമേഷ്യയിലെ ഞങ്ങളുടെ മഹത്തായ സൈനിക പരിശ്രമങ്ങൾ അവസാനിപ്പിക്കാൻ ആലോചിക്കുമ്പോൾ, ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനോട് ഞങ്ങൾ വളരെ അടുത്തിരിക്കുന്നു. സംഘർഷം ഇനി എങ്ങോട്ട് പോകുമെന്നതിനെക്കുറിച്ച് തനിക്ക് ഒരുപക്ഷേ ഒരു പദ്ധതി ഉണ്ടായിരിക്കാം, അല്ലെങ്കിൽ ഇല്ലായിരിക്കാം’’ – എന്നായിരുന്നു ട്രംപ് കഴിഞ്ഞദിവസം പറഞ്ഞത്.

എണ്ണവിലയിലെ കുതിച്ചുചാട്ടം യുഎസ് ഓഹരി വിപണിയെ തകർത്തതിനു പിന്നാലെയാണ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഈ അവ്യക്തമായ സന്ദേശങ്ങൾ പുറത്തുവന്നത്. വർധിച്ചുവരുന്ന വില നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ കപ്പലുകളിൽ കയറ്റിയ ഇറാനിയൻ എണ്ണയുടെ ഉപരോധം നീക്കുമെന്ന് പോലും ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. എന്നാൽ നിലവിൽ കടലിൽ തങ്ങളുടെ കപ്പലുകളിൽ എണ്ണയൊന്നുമില്ലെന്നാണ് ഇറാൻ പ്രതികരിച്ചത്. ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും ടെഹ്‌റാനിൽ ബോംബാക്രമണം നടത്തുകയും പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ വധിക്കുകയും ചെയ്തതോടെയാണ് യുദ്ധം ആരംഭിച്ചത്. യുഎസ് താവളങ്ങളുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാൻ സംഘർഷം വ്യാപിപ്പിച്ചു.

Comments (0)
Add Comment