നിയമസഭാ തെരഞ്ഞെടുപ്പ്: കളക്ടറേറ്റിൽ മാതൃകാ ‘ഹരിത ബൂത്തൊരുങ്ങി

പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് പ്രക്രിയ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കളക്ടറേറ്റിൽ മാതൃകാ ഹരിത ബൂത്ത് സജ്ജീകരിച്ചു. തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്‌ടർ ഡി.ആർ. മേഘശ്രീ ഹരിത ബൂത്തുകളുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. തെരഞ്ഞെടുപ്പ് പൂർണ്ണമായും ഹരിത ചട്ടങ്ങൾ പാലിച്ചായിരിക്കണം നടക്കേണ്ടതെന്ന് കളക്‌ടർ പറഞ്ഞു. ശുചിത്വ മിഷന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പ്ലാസ്റ്റിക് വിമുക്തവും പ്രകൃതിദത്തവുമായ വസ്തുക്കൾ ഉപയോഗിച്ച് ബൂത്തുകൾ ഒരുക്കിയത്. ബൂത്തിൽ തുണി, പനമ്പ്, ഈറ, മുള തുടങ്ങി പുനരുപയോഗിക്കാൻ കഴിയുന്ന വസ്‌തുക്കളാണ് അലങ്കാരത്തിനും മറ്റുമായി ഉപയോഗിച്ചിരിക്കുന്നത്. ജൈവ-അജൈവ മാലിന്യങ്ങൾ വേർതിരിച്ച് നിക്ഷേപിക്കാൻ പ്രത്യേക ബിന്നുകളും ഒരുക്കിയിട്ടുണ്ട്.

വോട്ടർമാർക്ക് മനോഹരവും കുളിർമയുള്ളതുമായ ഒരു അന്തരീക്ഷം ഒരുക്കുന്നതിലൂടെ മികച്ച വോട്ടിംഗ് അനുഭവം നൽകാൻ ഇത്തരം ഹരിത ബൂത്തുകൾ സഹായിക്കുമെന്ന് ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ എസ് ഹർഷൻ പറഞ്ഞു. അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഹരിത കർമ്മ സേനയുടെ സഹായവും ഉണ്ടാകും.

പരിപാടിയുടെ ഭാഗമായി ഹരിതചട്ടപാലനം സംശയങ്ങളും മറുപടികളും എന്ന കൈപുസ്‌തകം വിതരണം ചെയ്തു. അസിസ്റ്റൻ്റ് കളക്ട‌ർ പി.പി അർച്ചന, എഡിഎം എ ജയശ്രീ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ നിജു കുര്യൻ, ഡെപ്യൂട്ടി കളക്ടർമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Comments (0)
Add Comment