ഇന്ധന സര്‍ചാര്‍ജ് കൂട്ടി എയര്‍ഇന്ത്യ; 899 രൂപ വരെ വര്‍ധന, നാളെ മുതല്‍ പ്രാബല്യം

*ന്യൂഡല്‍ഹി:* ആഗോളതലത്തില്‍ വിമാന ഇന്ധനവില കുത്തനെ ഉയര്‍ന്നതിനെത്തുടര്‍ന്ന് ആഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളിലെ ഇന്ധന സര്‍ചാര്‍ജ് പരിഷ്‌കരിച്ച് എയര്‍ ഇന്ത്യ. മിക്ക റൂട്ടുകളിലും ബുധനാഴ്ച മുതല്‍ മാറ്റം നിലവില്‍ വരും. യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് ഏപ്രില്‍ 10 മുതലായിരിക്കും പുതുക്കിയ സര്‍ചാര്‍ജ് ബാധകമാകുക.വിമാന ഇന്ധന വില വര്‍ധന 25 ശതമാനമായി പരിമിതപ്പെടുത്തിയ പെട്രോളിയം മന്ത്രാലയത്തിന്റെയും സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെയും നടപടിക്ക് പിന്നാലെയാണ് ഈ പരിഷ്‌കരണമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കായി ഫ്‌ലാറ്റ് സര്‍ചാര്‍ജിന് പകരം ദൂരത്തിനനുസരിച്ചുള്ള പ്രത്യേക നിരക്കാണ് എയര്‍ ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 500 കിലോമീറ്റര്‍ വരെയുള്ള ചെറിയ ദൂരങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഒരു സെക്ടറിന് 299 രൂപ അധികമായി നല്‍കണം. അതേസമയം 2,000 കിലോമീറ്ററിന് മുകളില്‍ യാത്ര ചെയ്യുന്നവര്‍ 899 രൂപ വരെ അധികമായി നല്‍കേണ്ടി വരും.അന്താരാഷ്ട്ര റൂട്ടുകളിലാണ് ഇതിന്റെ ആഘാതം കൂടുതല്‍ പ്രകടമാകുന്നത്. യൂറോപ്പിലേക്കുള്ള യാത്രക്കാര്‍ ഒരു സെക്ടറിന് 205 ഡോളര്‍ നല്‍കണം. വടക്കേ അമേരിക്കയിലേക്കും ഓസ്ട്രേലിയയിലേക്കും പോകുന്നവര്‍ 280 ഡോളര്‍ സര്‍ചാര്‍ജ് ആയി നല്‍കേണ്ടി വരും.ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ക്ക് 50 ഡോളറും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് 100 ഡോളറുമാണ് സര്‍ചാര്‍ജ് നിശ്ചയിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഈ വര്‍ധന.

Comments (0)
Add Comment