കേരളം നാളെ വിധിയെഴുതുന്നു; ഇന്ന് നിശ്ശബ്ദ പ്രചാരണദിനം

തിരുവനന്തപുരം ∙ കേരളത്തെ രാഷ്ട്രീയച്ചൂടിലാക്കിയ 23 ദിവസങ്ങൾ പിന്നിട്ട് ഇന്ന് നിശ്ശബ്ദ പ്രചാരണദിനം. 16–ാം കേരള നിയമസഭയെയും പുതിയ സർക്കാരിനെയും തിരഞ്ഞെടുക്കാനായി നാളെ കേരളം ബൂത്തിലേക്കു നീങ്ങും.കേരളം നാളെ വിധിയെഴുതുമ്പോൾ 140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളിലാണു വോട്ടെടുപ്പ്. 883 സ്ഥാനാർഥികളാണു മത്സരിക്കുന്നത്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. 53,984 സർവീസ് വോട്ടർമാർ ഉൾപ്പെടെ 2,71,96,936 സമ്മതിദായകരാണുള്ളത്. പോളിങ് സാധനങ്ങളുടെ വിതരണം ഇന്നു രാവിലെ 43 കേന്ദ്രങ്ങളിൽ ആരംഭിക്കും. 1.46 ലക്ഷം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

കാസർകോട്, കണ്ണൂർ, മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിലായി 24 സഹായ പോളിങ് ബൂത്തുകൾ കൂടി സജ്ജീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു.കേൽക്കർ അറിയിച്ചു. ഒരു ബൂത്തിൽ പരമാവധി 1200 വോട്ടർമാർ എന്ന നിബന്ധന പാലിക്കാനായി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അയ്യായിരത്തിലേറെ ബൂത്തുകൾ വർധിപ്പിച്ചിട്ടുണ്ട്. 2040 പ്രശ്നസാധ്യതാ ബൂത്തുകളുടെ സുരക്ഷ 160 കമ്പനി കേന്ദ്രസേനയ്ക്കാണ്. ഇവരും കേരള പൊലീസും സ്പെഷൽ പൊലീസും വൊളന്റിയർമാരും ഉൾപ്പെടെ 76,000 പേരാണ് സുരക്ഷ ഒരുക്കുക.

ഇന്നലെ മുതൽ വോട്ടെടുപ്പു തീരുംവരെ അഭിപ്രായ വോട്ടെടുപ്പുകൾക്കും ഈ മാസം 29 വരെ എക്സിറ്റ് പോളുകൾക്കും വിലക്കുണ്ട്. ഇന്നലെ മുതൽ വോട്ടെടുപ്പു തീരുന്ന നാളെ വൈകിട്ട് 6 വരെയും വോട്ടെണ്ണൽ നടക്കുന്ന മേയ് 4നും മദ്യനിരോധനമാണ്. അതിർത്തി ജില്ലകളിലും നിരോധനമുണ്ടെന്നു സിഇഒ വ്യക്തമാക്കി.

തിരഞ്ഞെടുപ്പിനു മുന്നോടിയായി 2700 പേരെ കരുതൽ തടങ്കലിലാക്കി. 11,000 പേർക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. മാതൃകാ പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് 180 കേസുകളെടുത്തു. സൈബർ പൊലീസ് പെരുമാറ്റച്ചട്ടലംഘനവുമായി ബന്ധപ്പെട്ട 3287 ലിങ്കുകൾ സമൂഹമാധ്യമങ്ങളിൽനിന്നു നീക്കം ചെയ്തെന്നും 45 കേസുകൾ റജിസ്റ്റർ ചെയ്തെന്നും സിഇഒ അറിയിച്ചു.

Comments (0)
Add Comment