കാണാതായത് 4 ദിവസം മുമ്പ്; മൃതദേഹത്തിന് അത്ര പഴക്കമില്ല’: ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം

ബെംഗളൂരു ∙ വിനോദസഞ്ചാരത്തിനിടെ കർണാടകയിലെ ചിക്കമഗളൂരുവിൽ കാണാതായ പാലക്കാട് സ്വദേശി ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ശ്രീനന്ദയെ കാണാതായ സമയത്തു തന്നെ മൃതദേഹം കണ്ടെത്തിയ സ്ഥലം പൊലീസടക്കം പരിശോധിച്ചിരുന്നുവെന്നു വല്യച്ഛൻ ശശിധരൻ പറഞ്ഞു.

അപ്പോള്‍ കണ്ടെത്താൻ കഴിയാത്ത മൃതദേഹം ഇപ്പോൾ കണ്ടെത്തിയതിൽ ദുരൂഹതയുണ്ട്. കുട്ടിയെ കാണാതായിട്ടു നാലുദിവസമായെങ്കിലും മൃതദേഹത്തിന് അത്രയും പഴക്കമില്ലെന്നും ശശിധരൻ വിശദീകരിച്ചു. മാണിക്കധാര വെള്ളച്ചാട്ടത്തിൽ നിന്ന് കയറിവരുന്നയിടത്താണ് വാഹനം പാർക്ക് ചെയ്തിരുന്നത്. മൃതദേഹം മറുവശത്തായിരുന്നു. എന്നാൽ ഇവിടേക്ക് ശ്രീനന്ദ പോയിട്ടില്ലെന്നും, കാണാതായത് വ്യൂപോയിന്റിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് നായ മണംപിടിച്ചെത്തിയത് ഒരു കടയുടെ അടുത്തേക്കാണ്. കടയുടമയെ പൊലീസ് ചോദ്യം ചെയ്തില്ല. പ്രദേശവാസികളിൽനിന്നു വിവരം തേടിയില്ലെന്നും കുടുംബം ആരോപിക്കുന്നു.

പാലക്കാട് കടമ്പഴിപ്പുറം കൂത്തറ വീട്ടിൽ രമേഷിന്റെയും രോഹിണിയുടെയും മകളാണ് ശ്രീനന്ദ. ചിക്കമഗളൂരുവിലെ ബാബാബുഡാൻ ഗിരികുന്നിലെ മാണിക്കധാര വെള്ളച്ചാട്ടം കാണാനാണ് ഈമാസം 4നു പെൺകുട്ടിയുടെ കുടുംബം ഉൾപ്പെടെ 40 പേർ അടങ്ങിയ സംഘം യാത്ര ആരംഭിച്ചത്.

Comments (0)
Add Comment