ജീവനക്കാരന് വിവാഹദിവസം മെസ്സേജ്, ലജ്ജിക്കണമെന്ന് നെറ്റിസണ്‍സ്, ഒടുവില്‍ മാപ്പ് പറഞ്ഞ് കമ്പനി ഉടമ

ജീവനക്കാരൻ്റെ വിവാഹദിവസം അയാൾക്ക് ജോലി സംബന്ധമായ മെസ്സേജ് അയച്ച് അമേരിക്കൻ സ്റ്റാർട്ടപ്പ് ഉടമ. സംഭവം സോഷ്യൽ മീഡിയയിൽ വൻ വിമർശനം ഏറ്റുവാങ്ങിയതോടെ മാപ്പ് പറഞ്ഞുകൊണ്ട് പോസ്റ്റ്. യുഎസ് ആസ്ഥാനമായുള്ള ഇ-കൊമേഴ്‌സ് അനലിറ്റിക്സ് കമ്പനിയായ ‘ട്രിപ്പിൾ വെയിൽ’ സഹസ്ഥാപകൻ എ.ജെ. ഓർബാക്കാണ് പോസ്റ്റ് ഷെയർ ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് തൻ്റെ ജീവനക്കാരനുമായി നടത്തിയ സംഭാഷണത്തിന്റെ സ്ക്രീൻഷോട്ട് ഓർബാക്ക് എക്സിൽ (ട്വിറ്റർ) പങ്കുവെച്ചത്. ‘എങ്ങനെ പോകുന്നു’ എന്നായിരുന്നു ഓർബാക്കിന്റെ ചോദ്യം. ‘കുഴപ്പമില്ല, ഇന്ന് രാവിലെയായിരുന്നു വിവാഹം. പക്ഷേ ഞാൻ ഇപ്പോൾ ഓൺലൈനിൽ ഉണ്ട്’ എന്ന് ജീവനക്കാരൻ മറുപടിയും നൽകി.

സ്വന്തം വിവാഹദിവസം പോലും ജോലിക്കാര്യത്തിൽ ശ്രദ്ധ ചെലുത്തിയ ജീവനക്കാരനെ പുകഴ്ത്തിക്കൊണ്ടാണ് ഓർബാക്ക് സ്ക്രീൻഷോട്ട് ഷെയർ ചെയ്തത്. എന്നാൽ, പോസ്റ്റ് വൈറലായതോടെ ഓർബാക്കിനെ നിരവധിപ്പേരാണ് വിമർശിച്ചത്. ഇതിൽ അഭിമാനിക്കതായി ഒന്നുമില്ല, ലജ്ജിക്കുകയാണ് വേണ്ടത്, ഇത് ടോക്സിക് തൊഴിൽ സംസ്കാരമാണ് തുടങ്ങിയ വിമർശനങ്ങളും ഉയർന്നു. ഇതോടെ വീണ്ടും ക്ഷമാപണവുമായി ഓർബാക്ക് പോസ്റ്റ് ഷെയർ ചെയ്യുകയായിരുന്നു.

താൻ വൈറലായത് തികച്ചും തെറ്റായ കാരണത്തിന്റെ പേരിലാണ്. എൻ്റെ ഉദ്ദേശത്തെയും നേതൃത്വത്തെയും കമ്പനിയുടെ സംസ്കാരത്തെയുമാണ് ആളുകൾ വിമർശിച്ചത്. അവരുടെ ഭാഗത്താണ് ന്യായമെന്ന് ഞാൻ മനസ്സിലാക്കുന്നു. ആ ജീവനക്കാരന് ഞാൻ അന്ന് മെസ്സേജ് അയക്കാൻ പാടില്ലായിരുന്നു’ എന്നാണ് ഓർബാക്ക് കുറിച്ചത്. തൻ്റേത് അമിതമായ ആവേശം ആയിപ്പോയെന്നും, കമ്പനിയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ തനിക്ക് പരാജയം സംഭവിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവിയിൽ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധാലുവായിരിക്കുമെന്നും ഓർബാക്ക് കുറിച്ചിട്ടുണ്ട്.

Comments (0)
Add Comment