‘വാഴ വളരുന്നു…’; 150 കോടി കടന്ന് രണ്ടാം ഭാഗം; പിന്നാലെ മൂന്നാം ഭാഗം പ്രഖ്യാപിച്ച് വിപിന്‍ ദാസ്

തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ് വാഴ 2. ബോക്‌സ് ഓഫീസില്‍ വന്‍ഹിറ്റായി മാറിയ ചിത്രം ഇതിനോടകം 150 കോടിയെന്ന നാഴികക്കല്ല് പിന്നിട്ടിട്ടുണ്ട്. ആദ്യ ഭാഗത്തേക്കാള്‍ വളരെ വലിയ വിജയമായി മാറിയിരിക്കുകയാണ് രണ്ടാം ഭാഗം. ഇതിനിടെ ആരാധകര്‍ക്ക് ആവേശം പകരുന്ന വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് വിപിന്‍ ദാസ്.

വാഴയ്ക്ക് മൂന്നാം ഭാഗം വരുന്നുവെന്നാണ് വിപിന്‍ ദാസ് അറിയിച്ചിരിക്കുന്നത്. വാഴ വളരുന്നു എന്ന കുറിപ്പിനൊപ്പം മൂന്ന് വിരലുകള്‍ കാണിക്കുന്ന ചിത്രമാണ് വിപിന്‍ ദാസ് പങ്കുവച്ചിരിക്കുന്നത്. നാളെ കാണാം എന്നും അദ്ദേഹം പറയുന്നുണ്ട്. ആദ്യ ഭാഗവും രണ്ടാം ഭാഗവും വന്‍ വിജയങ്ങളാക്കി മാറ്റിയ സംഘത്തില്‍ നിന്നും മൂന്നാം ഭാഗവുമെത്തുമ്പോള്‍ ആരാധകര്‍ ആവേശത്തിലാണ്.

സോഷ്യല്‍ മീഡിയ താരങ്ങളെ വച്ചായിരുന്നു ആദ്യ രണ്ട് ഭാഗങ്ങളുമൊരുക്കിയത്. റീലുകളിലൂടെ താരങ്ങളായ ഹാഷിറും സംഘവുമാണ് രണ്ടാം ഭാഗത്തിലെ കേന്ദ്രകഥാപാത്രങ്ങളായത്. ഇവരുടെ പ്രകടനങ്ങളും സവിന്‍ സയെന്ന പുതുമുഖ സംവിധായകന്റെ അരങ്ങേറ്റവും കയ്യടി നേടുമ്പോഴാണ് മൂന്നാം ഭാഗവും വരുന്നുവെന്ന വാര്‍ത്തയുമായി തിരക്കഥാകൃത്തും നിര്‍മാതാവുമായ വിപിന്‍ ദാസ് എത്തുന്നത്.

ആരൊക്കെയായിരിക്കും വാഴ 2ല്‍ ഉണ്ടാവുകയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. പുതിയ താരങ്ങളെ അവതരിപ്പിക്കുകയാണോ അതോ ഇതുവരെ കണ്ടവരെ വച്ച് തന്നെ തുടര്‍ച്ചയൊരുക്കുകയാണോ ചെയ്യുകയെന്നതും കണ്ടറിയണം. എന്തായാലും വാഴ 2 150 കോടിയും കടന്ന് മുന്നോട്ട് പോകുമ്പോള്‍ മൂന്നാം ഭാഗം വരുന്നുവെന്ന വാര്‍ത്ത ആരാധകര്‍ക്ക് പകരുന്നതാണ്.

ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ എന്നിവരാണ് വാഴ 2വിലെ കേന്ദ്രകഥാപാത്രങ്ങള്‍. ഇവര്‍ക്കൊപ്പം ബിജുക്കുട്ടന്‍, സുധീഷ്, വിജയ് ബാബു, അല്‍ഫോണ്‍സ് പുത്രന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വെറും ഏഴ് ദിവസം കൊണ്ടായിരുന്നു വാഴ 2 100 കോടി ക്ലബ്ബിലെത്തിയത്.

Comments (0)
Add Comment