350 ലധികം അശ്ലീല വിഡിയോകള്‍, പീഡിപ്പിച്ചത് 180 ലധികം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ചൂഷണത്തിനിരയാക്കി; ‘പ്രണയക്കെണി’യൊരുക്കിയ 19കാരന്‍ പിടിയില്‍

മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയില്‍ 180 ലധികം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും അശ്ലീല വിഡിയോകള്‍ ചിത്രീകരിക്കുകയും ചെയ്‌തെന്ന പരാതിയില്‍ മുഹമ്മദ് അയാസ് എന്ന തന്‍വീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമരാവതിയിലെ പരത്വാഡ സ്വദേശിയായ 19 കാരനെതിരെ ബിജെപി എംപി അനില്‍ ബോണ്ടെ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. 350 ലധികം അശ്ലീല വിഡിയോകള്‍ ഇയാള്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും ഇവ ഉപയോഗിച്ച് പെണ്‍കുട്ടികളെ ബ്ലാക്ക് മെയില്‍ ചെയ്ത് വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചിരുന്നതായുമാണ് വിവരം. അമരാവതി റൂറല്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

വാട്‌സ്ആപ്, സ്‌നാപ്ചാറ്റ് ഗ്രൂപ്പുകള്‍ വഴിയാണ് ഇയാള്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍പ്പെടുത്തി വിശ്വാസം നേടിയ ശേഷം മുംബൈ, പൂനെ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയിരുന്നത്. അവരുടെ സമ്മതമില്ലാതെ വിഡിയോകള്‍ ചിത്രീകരിക്കുകയും പിന്നീട് ഇവ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടികളെ വരുതിയിലാക്കുകയുമായിരുന്നു ഇയാളുടെ രീതിയെന്നാണ് പരാതിയില്‍ പറയുന്നത്. നിലവില്‍ എട്ട് ഇരകളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അന്വേഷണം പുരോഗമിക്കുന്നതോടെ ഈ എണ്ണം ഗണ്യമായി വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറയുന്നു.

കേസില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ വിപുലമായ അന്വേഷണമാണ് നടക്കുന്നത്. മുഹമ്മദ് അയാസിന്റെ പക്കല്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ നിരവധി അശ്ലീല വിഡിയോകള്‍ കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് സംഘം ഡിലീറ്റ് ചെയ്ത വിവരങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. ഈ വീഡിയോകള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഉജേര്‍ ഖാന്‍ ഇഖ്ബാല്‍ ഖാന്‍ എന്ന രണ്ടാമത്തെ പ്രതിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നൂറോളം വിഡിയോകള്‍ ഇയാള്‍ പ്രചരിപ്പിച്ചതായാണ് വിവരം. ഒരു വലിയ ക്രിമിനല്‍ സംഘം ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും പ്രതികള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Comments (0)
Add Comment