പൊള്ളാച്ചി / മലപ്പുറം∙ കേരളത്തെ നടുക്കിയ വാൽപാറ വാഹനാപകടത്തിൽ മരിച്ച ഒൻപതു പേരുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയായി. അര്‍ധരാത്രിയോടെ പൊള്ളാച്ചി ആശുപത്രിയിൽ ആരംഭിച്ച പോസ്റ്റ്‍മോര്‍ട്ടം പുലര്‍ച്ചെ നാലുമണിയോടെയാണു പൂര്‍ത്തിയായത്. മൃതദേഹങ്ങള്‍ മലപ്പുറത്തേക്ക് കൊണ്ടുപോയി. മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് പൊതുദര്‍ശനം. പൊതുദര്‍ശനത്തിനുശേഷമായിരിക്കും സംസ്കാര ചടങ്ങുകള്‍.മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവണ്മെന്‍റ് എൽപി സ്‌കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ ഇന്നലെ വൈകിട്ട് 5.20 ന് ആണ് വാൽപാറ ചുരം റോഡിൽ 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്. കാഴ്ചകൾ എല്ലാം കണ്ട് നാട്ടിലേക്ക് മടങ്ങുമ്പോൾ ചുരത്തിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വാഹനം നിയന്ത്രണം വിട്ട് പലവട്ടം കീഴ്മേൽ മറിഞ്ഞ് ഒൻപതാം വളവിലേക്ക് വീഴുകയായിരുന്നു. പൊള്ളാച്ചിയിൽനിന്ന് 30 കിലോമീറ്റർഅകലെയാണ് അപകടമുണ്ടായ സ്ഥലം. പെരിന്തൽമണ്ണയിൽനിന്ന് വാടകയ്ക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് ഡ്രൈവർ ഉൾപ്പെടെ13 പേർ യാത്ര പോയത്. ഏഴു സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ഒൻപത് പേരാണ് അപകടത്തിൽ മരിച്ചത്.മലപ്പുറം പുലാമന്തോൾ സ്വദേശിയും പാങ്ങ് ജിഎൽപി സ്കൂളിലെ പ്രധാന അധ്യാപികയുമായ അജിത(54), പാങ്ങ് സ്വദേശികളായ അധ്യാപികമാരായ റംല(52), സുഹറ(43), ആശ(41), അധ്യാപകനായ മജീദ്(43), മജീദിന്റെ ഭാര്യ റുഖിയ(39), സ്കൂളിലെ ബസ് ഡ്രൈവർ നൗഷാദ് (39), സ്കൂളിലെ പാചകത്തൊഴിലാളി സാജിത(45) എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്. അപകടത്തിൽ മരിച്ച അധ്യാപിക സുഹറയുടെ മകൻ ഹിഷാം (12) പൊള്ളാച്ചി ആശുപത്രിയിൽ എത്തിയ ശേഷം മരിച്ചു.ജിഎൽപി സ്കൂളിനു സമീപത്തുള്ള പാങ്ങ് ജിയുപി സ്കൂളിലെ അധ്യാപിക ഷക്കീന (37), മകൾ മസ്നീൻ (10), അപകടത്തിൽ മരിച്ച സാജിതയുടെ മകനുമായ ഷഹദീൻ, ടൂറിസ്റ്റ് വാനിന്റെ ഡ്രൈവർ മുഹമ്മദ് ഫാഹിസ് (21) എന്നിവരാണ് പരുക്കുകളോടെ ചികിത്സയിൽ. ഇതിൽ മസ്നീൻ ഒഴികെ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവരെ പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ നിന്ന് കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റ മസ്നീൻ പൊള്ളാച്ചി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.മസ്നീനെ മലപ്പുറത്ത് എത്തിച്ചുപരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ട 11 വയസ്സുകാരി മസ്‌നീനെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഉമ്മ ഷക്കീനയുടെ മരണ വിവരം ഇനിയും മസ്നീനെ അറിയിച്ചില്ല. തകർന്ന വാഹനത്തിനുള്ളിൽ നിന്ന് മസ്‌നീനെ പിന്നാലെ വന്ന ടാക്സി ഡ്രൈവറാണ് പുറത്തെടുത്തത്. ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മന്ത്രി കെ.കൃഷ്ണൻകുട്ടി മസ്‌നീനെ ഇന്നലെ പൊള്ളാച്ചി ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. മലപ്പുറം ഡിഎംഒ യുടെ നിർദേശ പ്രകാരമാണ് മസ്‌നീനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിൽ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു.