ഭവന വായ്പ എടുത്തവര്‍ക്ക് ഉള്‍പ്പെടെ ആശ്വാസം; റിപ്പോ നിരക്ക് കുറച്ചു

വായ്പ എടുത്തവര്‍ക്ക് ആര്‍ബിഐയുടെ ആശ്വാസം. റിപ്പോ നിരക്ക് അരശതമാനം കുറച്ചു. ഇതോടെ ഭവന വാഹന വായ്പകളുടെ അടക്കം പലിശഭാരം കുറയും.

തുടര്‍ച്ചയായി മൂന്നാം തവണയും ധനനയ സമിതി യോഗം പലിശ കുറച്ചു. ഇത്തവണ അരശതമാനം കുറച്ചതോടെ റിപ്പോ നിരക്ക് 5.50 % ശതമാനമായി കുറഞ്ഞു. കഴിഞ്ഞ രണ്ടുതവണയും കാല്‍ ശതമാനം വീതം കുറച്ചിരുന്നു. ഇതോടെ ബാങ്കുകള്‍ നല്‍കുന്ന വായ്പുകളുടെ പലിശയും ആനുപാതികമായി കുറയും. പൊതുവില്‍ ഭവന വായ്പ ഏഴു ശതമാനത്തിന് താഴെ എത്തിയേക്കും. രാജ്യത്ത് പണപ്പെരുപ്പം കുറഞ്ഞു നില്‍ക്കുന്നതാണ് പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് റിസര്‍വ് ബാങ്കിനെ നയിച്ചത്.

ഉപഭോക്തൃ വിലക്കയറ്റം 3.16 ശതമാനമാണ്. ഗ്രാമമേഖലകളില്‍ അതിലും കുറവ്. വിപണിയിലേക്ക് കൂടുതല്‍ പണം എത്തിക്കാന്‍ ആര്‍ബിഐ തീരുമാനം വഴിവെക്കും. ജിഡിപി ആറു വര്‍ഷത്തെ കുറഞ്ഞ നിരക്കിലാണ് . വ്യവസായ വാണിജ്യ മേഖലകള്‍ക്ക് ഉണര്‍വ് നല്‍കേണ്ടതും പലിശ നിരക്ക് കുറയ്ക്കുന്നതിലേക്ക് നയിച്ചു. അധിക പണം റിസര്‍ബാങ്കില്‍ നിക്ഷേപിച്ചാല്‍ ബാങ്കുകള്‍ക്ക് ലഭിക്കുന്ന എസ്ഡിഎഫ് പലിശ നിരക്ക് 5.25 % ആയി കുറച്ചിട്ടുമുണ്ട്. എസ്ഡിഎഫില്‍ നിന്ന് ലഭിക്കുന്ന ലാഭം കുറയുന്നതോടെ ബാങ്കുകള്‍ കൂടുതല്‍ വായ്പകളും നല്‍കാന്‍ സന്നദ്ധരാകും.

Comments (0)
Add Comment