വയോധികയെ പുലി ആക്രമിച്ച് കൊന്നു; മൃതദേഹം ഭക്ഷിച്ച നിലയിൽ

പാലക്കാട് ∙ തമിഴ്നാട് ഷോളയാർ ഡാം പരിസരത്ത് വയോധികയെ പുലി കൊന്ന നിലയിൽ. ഡാമിന് സമീപം താമസിക്കുന്ന ഇന്നാസി അമ്മാൾ (90) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി മുതൽ ഇന്നാസി അമ്മാളെ കാണാനില്ലായിരുന്നു. വൈകിട്ട് 5 മണിയോടെ ഭക്ഷണം നൽകാൻ വന്ന മകനാണ് ഇന്നാസി അമ്മാളിനെ അവസാനമായി കണ്ടത്. എന്നാൽ, രാത്രി തിരിച്ചെത്തിയപ്പോഴേക്കുമാണ് അമ്മയെ കാണാതായ വിവരം അറിയുന്നത്.

തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ പകുതിഭാഗം ഭക്ഷിച്ചനിലയിലാണ്. പുലിയാണ് ആക്രമിച്ചതെന്ന് വനപാലകരുടെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

റോഡിനടുത്തുള്ള കാനയിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. പെട്ടിക്കട നടത്തി ജീവിക്കുന്നയാളായിരുന്നു ഇന്നാസിയമ്മാൾ. നാലു മക്കളുണ്ട്.

Comments (0)
Add Comment