തിരുവനന്തപുരം: കായംകുളത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ യുവതി പീഡനത്തിനിരയായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടു. കേസ് അന്വേഷിക്കാന്‍ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥയെ നിയോഗിക്കാന്‍ ആലപ്പുഴ എസ്പിക്ക് ഡിജിപി നിര്‍ദേശം നല്‍കി.സംഭവത്തില്‍ പൊലീസിനെതിരെ യുവതി ഡിജിപിക്ക് പരാതി നല്‍കിയിതിന് പിന്നാലെയാണ് ഡിജിപിയുടെ നീക്കം. കേസ് ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തന്റെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്ന് യുവതി പരാതിയില്‍ പറയുന്നു.
നിലവില്‍ കായംകുളം ഡിവൈഎസ്പിക്കായിരുന്നു അന്വേഷണ ചുമതലയെങ്കിലും, ആദ്യഘട്ടത്തില്‍ കായംകുളം പൊലീസ് സ്വീകരിച്ച നടപടികള്‍ തൃപ്തികരമല്ലെന്ന് യുവതി ആരോപിച്ചു. താന്‍ പറഞ്ഞ പല കാര്യങ്ങളും ഒഴിവാക്കിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. പ്രതിയെ സഹായിക്കുന്ന തരത്തിലുള്ള വകുപ്പുകള്‍ ആണ് പൊലീസ് ചുമത്തിയതെന്നും യുവതി പറയുന്നു. കായംകുളം പൊലീസ് സത്യസന്ധമായി കേസ് അന്വേഷിക്കില്ലെന്നും ഒന്നാം പ്രതിയെ സഹായിക്കുന്ന പ്രവര്‍ത്തികള്‍ പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതായും യുവതിയുടെ പരാതിയിലുണ്ട്.കേസിലെ പ്രതിയായ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സിനില്‍ സവാദിനെ കൃത്യസമയത്ത് വൈദ്യപരിശോധന നടത്താനോ രഹസ്യമൊഴി രേഖപ്പെടുത്താനോ പൊലീസ് തയ്യാറായില്ലെന്നും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പരാതി പിന്‍വലിക്കാന്‍ പ്രതിയുടെ സുഹൃത്തുക്കള്‍ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തതായും യുവതി വെളിപ്പെടുത്തിയിരുന്നു.