ഒന്നാംക്ലാസ് പ്രവേശനത്തിന് ഇത്തവണയും അഞ്ചുവയസ്സ് മതി

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായം ഇത്തവണയും അഞ്ചുവയസ്സ് തന്നെ. ആറുവയസ്സെന്ന നിബന്ധന കര്‍ശനമാക്കിയാല്‍ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം കുറയുമെന്നും ഇത് അധ്യാപകരെ ബാധിക്കുമെന്നതും കണക്കിലെടുത്താണ് പ്രവേശനപ്രായത്തില്‍ മാറ്റം വരുത്താത്തത്.

2023ല്‍ ഒന്നാംക്ലാസില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ മുന്‍വര്‍ഷത്തെയപേക്ഷിച്ച് കുറഞ്ഞിരുന്നു. 10614 പേര്‍. 2024-ല്‍ 781 കുട്ടികള്‍ കൂടുതലായി സ്‌കൂളിലെത്തി. എന്നാല്‍, 2025-ല്‍ ഒന്നാംക്ലാസില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണം 16,500 ആയി കുറഞ്ഞു. ഈ അധ്യയനവര്‍ഷം ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായം ആറുവയസ്സായിരിക്കുമെന്ന് കഴിഞ്ഞ വര്‍ഷംതന്നെ പ്രഖ്യാപനമുണ്ടായിരുന്നതാണ്. ഇതോടെ ആറുവയസ്സു തികയാത്ത കുട്ടികളെ വീണ്ടും യുകെജി ക്ലാസുകളിലും അങ്കണവാടികളിലും ഇരുത്തണമെന്ന സ്ഥിതി ആയി.

എന്നാല്‍, പുതിയ തീരുമാനം വന്നതോടെ ഈ കുട്ടികളെ ഒന്നാംക്ലാസ്സില്‍ ചേര്‍ക്കാനാകും. സ്‌കൂളുകളില്‍ കുട്ടികള്‍ കുറയുന്നത് ഒഴിവാക്കപ്പെടുന്നതോടെ ജോലിസ്ഥിരത സംബന്ധിച്ച അധ്യാപകരുടെ ആശങ്കയും ഒഴിവാകും.

2020ല്‍ പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസനയത്തിലും പ്രവേശനപ്രായം ആറുവയസ്സാണെന്നു നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായം ആറുവയസ്സാക്കണമെന്ന മാനദണ്ഡം നടപ്പാക്കാത്ത കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നേരത്തേ കത്തയച്ചിരുന്നു. എന്നാല്‍ കേരള വിദ്യാഭ്യാസച്ചട്ടപ്രകാരം വിദ്യാഭ്യാസ വകുപ്പ് പ്രവേശനത്തിനുള്ള പ്രായപരിധി ഈ അധ്യയനവര്‍ഷംകൂടി അഞ്ചുവയസ്സാക്കി നിജപ്പെടുത്തുകയായിരുന്നു.

Comments (0)
Add Comment