പ്രണയബന്ധം തുടർന്നതിൽ നാണക്കേട്; പതിനാറുകാരിയെ കൊന്ന് പിതാവ്, മുഖം ആസിഡൊഴിച്ച് വികൃതമാക്കി

ലക്നൗ∙ ഉത്തർപ്രദേശിൽ പ്രണയിച്ചതിന്റെ പേരിൽ പതിനാറുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി പിതാവ്. കൊലപാതകശേഷം ഇരയെ തിരിച്ചറിയാതിരിക്കാനായി മുഖത്ത് ആസിഡൊഴിച്ച് വികൃതമാക്കുകയും ചെയ്തു. വന്ദന ചൗബേ എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കുട്ടിയുടെ പിതാവ് വിജയ കുമാർ ചൗബേ പിടിയിലായി. പ്രണയബന്ധത്തിൽനിന്ന് പിന്മാറാത്തതിനാലാണ് ക്രൂര കൊലപാതകം.കഴിഞ്ഞവർഷം ഓഗസ്റ്റിൽ വന്ദന കാമുകനൊപ്പം ഒളിച്ചോടിപ്പോയിരുന്നു. പിന്നീട്, പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് കുട്ടിയെ വീട്ടിൽ തിരിച്ചെത്തിക്കുകയും കാമുകന് പോക്സോ കേസിൽ മൂന്നു മാസത്തേക്ക് ജയില്‍ശിക്ഷ വിധിക്കുകയും ചെയ്തു. എന്നാൽ, നവംബറിൽ കാമുകൻ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിനു ശേഷവും ഇരുവരും ബന്ധം തുടർന്നു. ഇതിൽ കുടുംബത്തിന് നാണക്കേടുണ്ടാക്കിയെന്നു പറഞ്ഞ് വിജയ കുമാർ പലതവണ താമസം മാറിയെന്നും പൊലീസ് പറഞ്ഞു.

പലതവണ ആവശ്യപ്പെട്ടിട്ടും മകൾ ബന്ധത്തിൽനിന്ന് പിന്മാറാൻ കൂട്ടാക്കാത്തതോടെ സുഹൃത്ത് അബ്ദുൽ മന്നാനുമായി ചേർന്നാണ് വിജയ കുമാർ മകളെ കൊല ചെയ്യാൻ പദ്ധതിയിട്ടത്. തുടർന്ന് ഏപ്രിൽ 13ന് ഇരുവരും ഒരു കാർ വാടകയ്ക്കെടുത്ത് ബാധ ഒഴിപ്പിക്കാനെന്ന പേരിൽ കുട്ടിയെയും കൂട്ടി രാജസ്ഥാനിലേക്ക് പോകുകയും പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കഴുത്തു ഞെരിച്ച് കൊല്ലുകയുമായിരുന്നു. പിന്നീട് കുട്ടിയെ തിരിച്ചറിയാതിരിക്കാൻ മുഖത്ത് ആസിഡൊഴിച്ചു. മൃതദേഹം കനാലിൽ മറവുചെയ്യാനായിരുന്നു പദ്ധതിയെങ്കിലും റോഡിൽ വാഹനങ്ങൾ കണ്ടതോടെ പരിഭ്രാന്തരായ പ്രതികൾ മൃതദേഹം ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. തിരികെ നാട്ടിലെത്തിയ വിജയകുമാർ മകളെ കാണാനില്ലെന്നു കാട്ടി പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ ഫോൺ രേഖകളും മറ്റും പരിശോധിച്ച പൊലീസ് പ്രതി പിതാവു തന്നെയെന്ന് കണ്ടെത്തുകയായിരുന്നു.

Comments (0)
Add Comment