ചെങ്ങന്നൂർ ∙ മരണത്തിൽ ദുരൂഹതയുണ്ടെന്ന മരുമകളുടെ പരാതിയെ തുടർന്നു വയോധികന്റെ മൃതദേഹം കല്ലറ തുറന്ന് പോസ്റ്റ്മോർട്ടം നടത്തിയ സംഭവത്തിൽ രാസപരിശോധനാ ഫലം കാത്ത് പൊലീസ്. പുലിയൂർ പടിഞ്ഞാറെപറമ്പിൽ ബിൻസ് ഭവനിൽ എം.യേശുദാസന്റെ(74) മൃതദേഹമാണു കഴിഞ്ഞ ദിവസം പോസ്റ്റ്മോർട്ടം ചെയ്തത്. ചതവുകളോ മുറിവുകളോ ശരീരത്തിൽ കണ്ടെത്താൻ സാധിച്ചില്ലെന്നാണു സൂചന.ഭക്ഷ്യവസ്തുക്കളുടെ സാംപിൾ ശേഖരിക്കാൻ കഴിഞ്ഞതായും വിവരമുണ്ട്. ആന്തരികാവയവങ്ങളുടെ സാംപിൾ തിരുവനന്തപുരത്തെ കെമിക്കൽ ലബോറട്ടറിയിലേക്ക് അയച്ചിരുന്നു. പരിശോധനാഫലം ലഭിക്കാൻ ആഴ്ചകൾ വേണ്ടിവന്നേക്കും. എറണാകുളത്തെ ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുള്ള പരിശോധനാ ഫലം വൈകാതെ ലഭിക്കും.
സ്വത്തുക്കൾ ബന്ധുവിന്റെ പേരിലേക്കു മാറ്റിയതിൽ അസ്വാഭാവികതയുണ്ടോ എന്നത് ഉൾപ്പെടെ പൊലീസ് പരിശോധിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളും മൊബൈൽഫോണിൽ പകർത്തിയ വിഡിയോ ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുകയും ചെയ്തു. കഴിഞ്ഞമാസം 20ന് ആണ് യേശുദാസൻ മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന കാനഡയിൽ നഴ്സായ മരുമകൾ ലീനയുടെ പരാതിയെ തുടർന്നാണു ചെങ്ങന്നൂർ പൊലീസ് പ്രാഥമികാന്വേഷണം നടത്തി കേസെടുത്തത്.24നു യേശുദാസന്റെ സംസ്കാരം നടത്തിയതിനു പിന്നാലെയാണു യേശുദാസന്റെ പേരിലുള്ള ഭൂമിയും കെട്ടിടവും ബന്ധുവിന്റെ പേരിൽ ആധാരം റജിസ്റ്റർ ചെയ്ത് 90 ദിവസത്തിനിടെയാണു മരണം സംഭവിച്ചതെന്ന ആരോപണവുമായി ലീന രംഗത്തെത്തിയത്.