ഇനി ഒരു പൂരത്തിനും വെടിക്കെട്ട് കളറാക്കാൻ സതീഷ് ഉണ്ടാവില്ല. ഒാരോ പൂരത്തിനും വെടിക്കെട്ടിൽ വിസ്മയം ഒളിപ്പിച്ചുവെച്ച്, സൗഹൃദത്തിന്റെ വെടിക്കൊട്ടുരുക്കി പൂരപ്രേമികളെ ലഹരിപിടിപ്പിക്കാനുമുണ്ടാവില്ല. തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട തന്റെ ജീവനക്കാർക്കൊപ്പം സതീഷും ശബ്ദഘോഷങ്ങളും വർണവിസ്മയങ്ങളുമില്ലാത്ത ലോകത്തേയ്ക്ക് യാത്രയായി. തിരുവമ്പാടി ദേവസ്വത്തിന്റെ പൂരം വെടിക്കെട്ടിന്റെ ലൈസൻസിയായിരുന്നു മുണ്ടത്തിക്കോട് പന്തലങ്ങാട്ട് സതീഷ്. സതീഷിന്റെ വെടിക്കെട്ട് പുരകളാണ് പതിനഞ്ച് പേരുടെ മരണത്തിന് ഇടയാക്കി പൊട്ടിത്തെറിച്ചും കത്തിയമർന്നും ദുരന്തം വിതച്ചത്. അപകടത്തിൽ മരിച്ച പതിനഞ്ചാമനാണ് സതീഷ്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ സതീഷ് മൂന്ന് നാൾ ആസ്പത്രിയിൽ ചികിത്സയിൽ കഴിഞ്ഞശേഷമാണ് അന്ത്യയാത്രയായത്.
പൂരത്തിന് അപൂർവ സൗഹൃദത്തിന്റെ വെടിക്കെട്ടൊരുക്കി ചരിത്രത്തിൽ ഇടംപിടിച്ച ആൾ കൂടിയാണ് സതീഷ്. രണ്ട് വർഷം മുൻപ് പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും വെടിക്കെട്ടിന്റെ ചുമതലക്കാരൻ സതീഷായിരുന്നു. ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഇങ്ങനെ കാലങ്ങളായി പരസ്പരം മത്സരിച്ച് വെടിക്കെട്ട് നടത്തുന്ന രണ്ട് ദേവസ്വങ്ങൾ ഒരു കരാറുകാരന്റെ കീഴിൽ വെടിക്കെട്ട് നടത്തിയത്.പാറമേക്കാവിന്റെ വെടിക്കെട്ട് കരാറുകാരന് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട് തടസ്സം നേരിട്ടതാണ് തുടക്കം. അതോടെ ഇരുദേവസ്വങ്ങളുടെയും സഹകരണം അഭ്യർഥിക്കുകയായിരുന്നു. പിന്നാലെ തിരുവമ്പാടിക്കും പാറമേക്കാവിനും വേണ്ടി സതീഷ് വെടിക്കെട്ട് നടത്തി. അതങ്ങനെ ഒരു പുതിയ ചരിത്രമായി.വർഷങ്ങളായി തിരുവമ്പാടി വിഭാഗത്തിന്റെ ലൈസൻസിയായിരുന്ന മുണ്ടത്തിക്കോട് മണിയുടെ മകനാണ് സതീഷ്. അച്ഛന്റെ മരണത്തെ തുടർന്നാണ് സതീഷ് ഈ ചുമതല ഏറ്റെടുത്തത്. ഉത്രാളിക്കാവ്, കുറ്റിയങ്കാവ് പൂരങ്ങളിലെ വെടിക്കെട്ടുകൾ ചെയ്ത് കൈവഴക്കം വന്ന ഈ 46-കാരൻ തൃശ്ശൂരിലും മറ്റ് പ്രദേശങ്ങളിലും പ്രധാന പൂരങ്ങൾക്ക് ചുക്കാൻപിടിക്കുന്ന വ്യക്തി കൂടിയായിരുന്നു.
തേക്കിൻകാട് മൈതാനിയെ വിറപ്പിച്ച് ആകാശത്ത് വിസ്മയം തീർക്കുമ്പോൾ പാറമേക്കാവിനും തിരുവമ്പാടിക്കും വേണ്ടി ആർപ്പുവിളിക്കുന്നത് ആയിരങ്ങളാണ്. ആളുകളെ ഞെട്ടിക്കാൻ പുതിയ പരീക്ഷണങ്ങൾ ഇരുകൂട്ടരും നടത്താറുണ്ട്. സാംപിൾ വെടിക്കെട്ട് വരെ ആ രഹസ്യം ആരുമറിയില്ല. അതീവ രഹസ്യമായിട്ടാണ് വെടിമരുന്ന് തയ്യാറാക്കുന്നതും പൊട്ടിക്കുന്നതും. പരിചയമില്ലാത്തവരെയോ മറുപക്ഷക്കാരെയോ വെടിക്കെട്ട് പുരയിയിലേക്ക് അടുപ്പിക്കുക പോലുമില്ല. ഇതിനൊരു മാറ്റം വന്നത് സതീഷിലൂടെ 2024-ലാണ്.സാങ്കേതിക പ്രശ്നം മൂലം പാറമേക്കാവിന്റെ വെടിക്കെട്ട് കരാറുകാരന് ലൈസൻസ് നൽകാൻ പ്രയാസം വന്നതോടെ കളക്ടർ ചർച്ച നടത്തുകയും ഇരുദേവസ്വങ്ങളുടെയും സഹകരണം അഭ്യർഥിക്കുകയായിരുന്നു. അങ്ങനെ ആദ്യമായി സൗഹൃദത്തിന്റെ പൂരത്തിന് അരങ്ങൊരുങ്ങി. 2011 മുതൽ തിരുവമ്പാടിയുടെ കരാറുകാരനായ സതീഷിനെ ആ ദൗത്യം ഏൽപ്പിച്ചു. സതീഷ് അത് ഭംഗിയായി നിർവഹിച്ച് ഒരു പുതിയ ചരിത്രം കുറിക്കുകയും ചെയ്തു.ഇക്കുറിയും സതീഷ് തന്നെയായിരുന്നു തിരുവമ്പാടിയുടെ പൂരം വെടിക്കെട്ടിന്റെ കരാറുകാരൻ. എന്നാൽ, ഇത്തവണ തിരുവമ്പാടി ദേവസ്വത്തിനുവേണ്ടി മാത്രം വെടിക്കെട്ട് ഒരുക്കാനുള്ള നിയോഗമാണ് സതീഷിനുണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെ പൂരാവേശത്തിലായിരുന്നു എല്ലാവരും. വെടിക്കെട്ടിനായുള്ള പടക്കങ്ങൾ നിർമിക്കുന്ന തിരക്കിലും. സതീഷ് നാൽപതോളം പേരുടെ സഹായത്തോടെയാണ് ഗുണ്ടുകളും അമിട്ടുകളും ഒരുക്കിക്കൊണ്ടിരുന്നത്. എന്നാൽ വൈകുന്നേരം മുണ്ടത്തിക്കോടാകെ ഞെട്ടിത്തരിച്ചു. വെടിക്കെട്ട് പുരയിലെ പടക്കങ്ങൾ പൊട്ടിത്തെറിച്ചതോടെ വൻ ദുരന്തത്തിന് സംസ്ഥാനം സാക്ഷ്യം വഹിച്ചു. സ്‌ഫോടനത്തിന്റെ ശബ്ദം കേട്ട് പരിസരവാസികൾ ആദ്യം ഭൂകമ്പമാണെന്നാണ് കരുതിയത്. അത്രയും വലിയ ശബ്ദത്തിലാണ് എല്ലാം പൊട്ടിത്തെറിച്ചത്. സമീപത്തുള്ള പാടങ്ങളിലേക്കെല്ലാം ആളുകളുടെ ശരീരഭാഗങ്ങൾ ചിതറിത്തെറിച്ചു. ഒട്ടേറെപ്പേർക്ക് ഗുരുതരമായി പരിക്കേറ്റു. 14 പേരാണ് അപകടത്തിൽ മരിച്ചത്.
വെടിക്കെട്ടുപുരയിൽ തീപടർന്നത് കരിമരുന്നുപുരയിൽ നിന്നാണെന്നാണ് അപകടത്തിൽ രക്ഷപ്പെട്ടവരുടെ നിഗമനം. ഇവിടെനിന്ന് ഏതാനും അടിമാത്രം അകലത്തിൽ ഗുണ്ടുകളിൽ മരുന്ന് നിറച്ചിരുന്നവരുടെ അടുത്തേക്ക് തീപടരുകയും ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു. പത്തിലേറെ പേർ ആദ്യസ്ഫോടനമുണ്ടായ സ്ഥലത്തുണ്ടായിരുന്നതായാണ് നിഗമനം. ഇവിടെയുണ്ടായിരുന്നവരുടെ ശരീരമാണ് ചിതറിയിട്ടുണ്ടാകുകയെന്ന് അപകടത്തിൽനിന്ന് രക്ഷപ്പെട്ടവർ സാക്ഷ്യപ്പെടുത്തുന്നു.കമ്പിത്തിരി കത്തുന്ന രീതിയിലുള്ള ശബ്ദമാണ് മരുന്നുപുരയിൽനിന്ന് ആദ്യമുണ്ടായത്. ഇതിനു സമീപത്ത് ചെറിയ ഗുണ്ടുകൾ നിറയ്ക്കുന്നവരുമുണ്ടായിരുന്നു. തീപ്പൊരിയുടെ ശബ്ദംകേട്ട്, ‘ഓടിക്കോ’യെന്ന് പറയുമ്പോഴേക്കും വലിയ ഗുണ്ടുകൾ നിറച്ചിരുന്നവരുടെ അടുത്തേക്ക് തീയെത്തുകയും പൊട്ടിത്തെറിക്കുകയും ചെയ്തതായി രക്ഷപ്പെട്ടവർ പറഞ്ഞു. ചെറിയ ഗുണ്ടുകൾ നിറച്ചിരുന്നവർ ശബ്ദംകേട്ട് ഓടിമാറി. ലൈസൻസിയായ സതീഷുൾപ്പെടെ എട്ടുപേരാണ് ഇവിടെയുണ്ടായിരുന്നത്. സതീഷിനും രാഗേഷിനും എഴുന്നേൽക്കാൻ കഴിയാതിരുന്നതാണ് ശക്തമായി പൊള്ളലേൽക്കാനിടയാക്കിയത്. ഓടി രക്ഷപ്പെടുന്നവരുടെ തലയ്ക്കു മുകളിലും ചുറ്റും ഡൈനകളും ഗുണ്ടുകളും പൊട്ടിത്തെറിക്കുന്നുണ്ടായിരുന്നു.സ്ഫോടനസ്ഥലത്തു നിന്ന് കണ്ടെത്തിയത് 500 കിലോഗ്രാമിലേറെ പൊട്ടാത്ത വെടിക്കോപ്പുകളാണ്. അസംസ്കൃത വസ്തുക്കൾ സൂക്ഷിക്കുന്ന മുറിയിൽ 15 ചാക്കുകളിലായി പൂട്ടിവെച്ചിരുന്ന 362 കിലോഗ്രം കരിമരുന്നും 50.9 കിലോഗ്രാം അലുമിനിയം പൗഡറും ഒരു കിലോഗ്രാം കരിമരുന്ന് ഗുളികയും ഇതിൽ ഉൾപ്പെടുന്നു. ഇതിനു പുറമെ, 100 കിലോഗ്രാമോളം വരുന്ന 96 ചെറിയ അമിട്ടും അഞ്ച് ഇടത്തരം ഗുണ്ടും ആറ് കളർ അമിട്ടും മൂന്ന് എൽ.ഇ.ഡി.യും പൊട്ടാത്ത നിലയിൽ കണ്ടെത്തി.