അരക്കോടിയിലേറെ രൂപയുടെ എംഡിഎംഎ; ആറാം പ്രതിയും പിടിയിൽ

കോഴിക്കോട്: പുതിയ ബസ് സ്റ്റാന്റിൽ വെച്ച് വിപണിയിൽ അരക്കോടിയിലേറെ രൂപ വിലമതിക്കുന്ന അതിമാരക രാസ ലഹരി പിടികൂടിയ കേസിലെ ആറാം പ്രതിയും പിടിയിൽ. പെരിന്തൽമണ്ണ പുത്തനത്താണി സ്വദേശി അത്തിക്കോട്ടിൽ വീട്ടിൽ ശബരീഷ് (27) ആണ് മലപ്പുറം കൊളത്തൂരിൽ വെച്ച് കസബ പോലീസിന്റെ പിടിയിലാകുന്നത്. 2025 നവംബർ 24 ന് കസബ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ബാംഗ്ലൂരിൽ നിന്നും ടൂറിസ്റ്റ് ബസ്സിൽ വാട്ടർ ഹീറ്ററിനുള്ളിൽ അതിവിദഗ്ധമായി സ്റ്റിക്കർ ഉപയോഗിച്ച് ടാപ്പ് ചെയ്ത് കടത്തുകയായിരുന്നു. 241.5 ഗ്രാം എം.ഡി.എം.എ, 43.500 ഗ്രാം തൂക്കം വരുന്ന 90 ഓളം എക്സ്റ്റസി ഗുളികകൾ, 1.110 ഗ്രാം തൂക്കം വരുന്ന 99 എൽ എസ് ഡി സ്റ്റാമ്പുകൾ എന്നിവ ഉൾപ്പെടെയാണ് കോഴിക്കോട് സിറ്റി ഡാൻസാഫും, കസബ പോലീസും ചേർന്ന് പിടികൂടുകയത്.കേസിൽ കോഴിക്കോട് തിരുവണ്ണൂർ സ്വദേശി ഇർഫാൻസ് ഹൗസിൽ മുഹമ്മദ് ഇർഫാൻ (29 വയസ്സ്), കുണ്ടുങ്ങൽ എംസി ഹൗസിൽ ഷഹദ് (27 വയസ്സ്) എന്നിവരാണ് ആദ്യം അറസ്റ്റിലായത്.

തുടരന്വേഷണത്തിനിടെ ഈ കേസിലെ മൂന്നും നാലും പ്രതികളായ കോഴിക്കോട് കുറ്റിച്ചിറ തങ്ങൾസ് റോഡ് സ്വദേശി പുതിയമാളിയേക്കൽ വീട്ടിൽ ആദിൽ മഷൂദ് (27 വയസ്സ്), കുറ്റിച്ചിറ സ്വദേശി വാടിയിൽ വീട്ടിൽ സിറാജുദ്ദീൻ (27 വയസ്സ്) എന്നിവരെയും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരി എത്തിക്കുന്ന മൊത്ത വിൽപ്പനക്കാരനുമായ നൈജീരിയൻ സ്വദേശി ചുക്വജേക്വ എബെനെസിർ ഉമേഹ് (65 വയസ്സ്) നെ ഡൽഹിയിലെ തിലക് നഗറിൽ നിന്നും കസബ പോലീസ് നിന്നും പിടികൂടിയിരുന്നു.അന്വേഷണത്തിനിടെ ആറാം പ്രതിയായ ശബരീഷിന്റെ അക്കൗണ്ടിൽ നിന്നും 1,65,000/ രൂപ നൈജീരിയൻ സ്വദേശിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായി കസബ പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് മറ്റ് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ശബരീഷിനും കൂടി വേണ്ടിയാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നും പ്രതികൾ പോലീസിനോട് സമ്മതിച്ചു.തനിക്കുള്ള മയക്കുമരുന്ന് കടത്തുന്നതിനിടെ കരിയർമാർ പിടിക്കപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാക്കിയ പ്രതി ഒളിവിൽ പോയി. തുടർന്ന് കസബ പോലീസ് സൈബർ സെല്ലുമായി ചേർന്ന് നടത്തിയ ശായ്ത്രീയ അന്വേഷണത്തിലാണ് പ്രതി കൊളത്തൂരിൽ എത്തിയിട്ടുണ്ടെന്ന് മനസ്സിലായതും അറസ്റ്റ് ചെയ്യുന്നതും. കസബ പോലീസ് ഇൻസ്പെക്ടർ ജിമ്മി, പി.ജെ, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ സജേഷ് കുമാർ, സീനീയർ സിവിൽ പോലീസ് ഓഫീസർമാരായ ഷിജിത്ത്, ദീപു എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

Comments (0)
Add Comment