ന്യൂഡല്‍ഹി: ആദ്യ വിവാഹം നിലനില്‍ക്കെ രണ്ടാം വിവാഹം കഴിക്കുകയാണെന്ന അറിവുണ്ടായിരുന്നു എന്ന കാരണത്താല്‍ മാത്രം ബന്ധുക്കളെ കുറ്റക്കാരാക്കാനാവില്ലെന്ന് സുപ്രീംകോടതി. രണ്ടാമത്തെ വിവാഹത്തില്‍ സജീവമായി പങ്കെടുക്കുകയും സൗകര്യമൊരുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്താല്‍ മാത്രമേ ബന്ധുക്കളെ കുറ്റക്കാരാക്കാനാകൂവെന്ന് കോടതി വ്യക്തമാക്കി. കേരളത്തില്‍ നിന്നുള്ള കേസില്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങളും കോടതി റദ്ദാക്കി. ജസ്റ്റിസ് സഞ്ജയ് കരോള്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം.
2016 ലാണ് ഭര്‍ത്താവില്‍ നിന്ന് തുടര്‍ച്ചയായ ക്രൂരതയും സ്ത്രീധനപീഡനവും നേരിട്ടതായി 2016-ലാണ് സ്ത്രീ പരാതി നല്‍കിയത്. ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തെക്കുറിച്ചും ഇതില്‍ പറഞ്ഞിരുന്നു. രണ്ടാം വിവാഹത്തെക്കുറിച്ച് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്ക് അറിവുണ്ടായിരുന്നുവെന്നാണ് ഭാര്യ നല്‍കിയ പരാതിയിലുണ്ടായിരുന്നത്. തുടര്‍ന്ന് ഭര്‍തൃവീട്ടുകാരുടെ ക്രൂരത, ബഹുഭാര്യത്വം തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തത്.
വിചാരണക്കോടതി കേസുമായി മുന്നോട്ടുപോകുകയും ഹൈക്കോടതി ഇടപെടാന്‍ വിസമ്മതിക്കുകയും ചെയ്തതോടെ ഭര്‍തൃവീട്ടുകാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് രണ്ടാം വിവാഹത്തില്‍ സജീവ പങ്കാളിത്തമുണ്ടായിരുന്നതായി പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്നാണ് സുപ്രീംകോടതിയുടെ കണ്ടെത്തല്‍.