ശമ്പളത്തിന് അനുസരിച്ച് പ്ലാന്‍ ചെയ്ത് പലിശ ഒഴിവാക്കാം; ഇനി ക്രെഡിറ്റ് കാര്‍ഡ് ബില്ലിങ് സൈക്കിള്‍ മാറ്റം, വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ആശ്വാസ നടപടിയുമായി റിസര്‍വ് ബാങ്ക്. ഉപയോക്താക്കള്‍ക്ക് ബില്ലിങ് സൈക്കിള്‍ കുറഞ്ഞത് ഒരു തവണയെങ്കിലും മാറ്റാന്‍ അനുവദിച്ച് റിസര്‍വ് ബാങ്ക് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഇത് പണമടയ്‌ക്കേണ്ട തീയതികളില്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കുന്നു.

സ്റ്റേറ്റ്മെന്റ് തീയതികള്‍ ശമ്പളം ലഭിക്കുന്ന ദിവസവുമായോ മറ്റ് ചെലവുകളുമായോ ഒത്തുപോകുന്ന രീതിയില്‍ ക്രമീകരിക്കാന്‍ ഇതുവഴി കഴിയും. ഇത് പണമിടപാടുകള്‍ കൃത്യമായി ട്രാക്ക് ചെയ്യാനും അനാവശ്യ ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാനും സഹായിക്കുന്നു. പര്‍ച്ചേസുകള്‍ പ്ലാന്‍ ചെയ്യുന്നതിലൂടെ പലിശയില്ലാത്ത കാലാവധി വര്‍ദ്ധിപ്പിക്കാം. പുതിയ ചട്ടം നിലവില്‍ വന്നതോടെ, ക്രെഡിറ്റ് കാര്‍ഡുകളിലെ പലിശയില്ലാത്ത കാലാവധി (സാധാരണയായി 45 മുതല്‍ 50 ദിവസം വരെ) പരമാവധി പ്രയോജനപ്പെടുത്തുന്നത് എളുപ്പമായി മാറിയിരിക്കുകയാണ്. സ്റ്റേറ്റ്മെന്റ് തീയതിക്ക് തൊട്ടുപിന്നാലെ വലിയ പര്‍ച്ചേസുകള്‍ നടത്തുന്നതിലൂടെ ഇത് സാധ്യമാകും.കൂടാതെ, ആരോഗ്യകരമായ ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്തുന്നതിനും ലേറ്റ് ഫീസുകള്‍ ഒഴിവാക്കുന്നതിനും കൃത്യസമയത്ത് പണമടയ്ക്കുന്നത് പ്രധാനമാണ്. മൊത്തത്തില്‍, ഈ മാറ്റങ്ങള്‍ ചെലവുകള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനും പണമടയ്ക്കല്‍ കൃത്യമാക്കാനും കൂടുതല്‍ സൗകര്യം നല്‍കുന്നു.ഇത്തരം അപേക്ഷകള്‍ ചുരുങ്ങിയത് ഒരു തവണയെങ്കിലും ഉപയോക്താക്കള്‍ക്ക് അനുവദിക്കണമെന്ന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പലിശയില്ലാത്ത ആനുകൂല്യങ്ങള്‍ കൃത്യമായി ഉപയോഗിക്കാന്‍ ശരിയായ സമയക്രമം അത്യാവശ്യമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ശമ്പളം ലഭിക്കുന്നതിന് തൊട്ടുപിന്നാലെയുള്ള ദിവസങ്ങളിലേക്ക് ബില്ലിങ് തീയതി മാറ്റുന്നത് പേയ്മെന്റുകള്‍ മുടങ്ങാനുള്ള സാധ്യത കുറയ്ക്കും. ഇഎംഐകള്‍ ട്രാക്ക് ചെയ്യാനും വലിയ ചെലവുകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യാനും ഇത് ഉപഭോക്താക്കളെ സഹായിക്കുന്നു. മികച്ച പ്ലാനിങ് ഉണ്ടെങ്കില്‍ വലിയ പര്‍ച്ചേസുകള്‍ കൂടുതല്‍ ലാഭകരമാക്കാം.

പ്രമുഖ ഇന്ത്യന്‍ ബാങ്കുകളെല്ലാം ഇപ്പോള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വഴി ഈ സൗകര്യം നല്‍കുന്നുണ്ട്. മൊബൈല്‍ ആപ്പുകള്‍ വഴിയോ നെറ്റ് ബാങ്കിങ് വഴിയോ ബില്ലിങ് സൈക്കിള്‍ അപ്ഡേറ്റ് ചെയ്യാം. ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പേയ്മെന്റ് തീയതികള്‍ ഒരേ സമയം വരുന്നത് ഒഴിവാക്കാന്‍ ഇത് ഏറെ സഹായകരമാണ്.

Comments (0)
Add Comment