‘സ്വര്‍ണം വാങ്ങരുത്, പെട്രോള്‍ കുറയ്ക്കണം’; പ്രധാനമന്ത്രിയുടെ വാക്കുകള്‍ പരാജയത്തിന്റെ തെളിവെന്ന് രാഹുല്‍

ന്യൂഡല്‍ഹി: ജനങ്ങളോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ഥനകള്‍ വെറും ഉപദേശങ്ങളല്ലെന്നും പരാജയത്തിന്റെ തെളിവുകള്‍ ആണെന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തിന്റെ ഭാഗമായുള്ള ആഘാതം കുറയ്ക്കുന്നതിനായി വര്‍ക് ഫ്രം ഹോം രീതിയിലേക്ക് മാറുന്നതും സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കുന്നതും ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ വരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അഭ്യര്‍ഥിച്ചിരുന്നു.

‘സ്വര്‍ണം വാങ്ങരുത്, വിദേശത്ത് പോകരുത്, പെട്രോള്‍ ഉപയോഗം കുറയ്ക്കണം, മെട്രോ ഉപയോഗിക്കണം, വീട്ടിലിരുന്ന് ജോലി ചെയ്യണം എന്നാണ് പ്രധാനമന്ത്രി പറയുന്നത്. 12 വര്‍ഷത്തിനുള്ളില്‍ അദ്ദേഹം രാജ്യത്തെ എത്തിച്ചിരിക്കുന്നത് ഇത്തരമൊരു അവസ്ഥയിലാണ്. എന്ത് വാങ്ങണം, എന്ത് വാങ്ങരുത്, എവിടെ പോകണം, എവിടെ പോകരുത് എന്ന് ജനങ്ങളോട് പറയേണ്ടി വരുന്നു. ഓരോ തവണയും ഉത്തരവാദിത്തങ്ങളില്‍നിന്ന് സ്വയം രക്ഷപ്പെടാന്‍ ജനങ്ങളുടെ മേല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു’ രാഹുല്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലും പ്രധാനമന്ത്രിയെ വിമര്‍ശിച്ചു. യുദ്ധം തുടങ്ങി ആഴ്ചകള്‍ പിന്നിട്ടിട്ടും ഇന്ത്യയുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതില്‍ മോദിക്ക് ഒരു ധാരണയുമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോവിഡ് കാലത്തെപ്പോലെ, ഇന്ധനം ലാഭിക്കുന്നതിനായി കഴിയുന്നവരെല്ലാം വര്‍ക് ഫ്രം ഹോമിലേക്ക് മാറണമെന്നാണ് ഞായറാഴ്ചത്തെ പ്രസംഗത്തില്‍ മോദി അഭ്യര്‍ഥിച്ചത്. പെട്രോള്‍, ഡീസല്‍ ഉപയോഗം കുറയ്ക്കാന്‍ മെട്രോയും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

Comments (0)
Add Comment