സോഷ്യല്‍ മീഡിയയില്‍ വ്യാജ ഉല്‍പ്പന്നങ്ങളുടെ വില്‍പന; കടുത്ത ശിക്ഷ, ദുബൈ പൊലീസിന്റെ മുന്നറിയിപ്പ്

ദുബൈ: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ വ്യാജ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുകയോ വില്‍ക്കുകയോ ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി ദുബൈ പൊലീസ്. ഇത്തരം പ്രവൃത്തികള്‍ നിയമവിരുദ്ധമാണെന്നും കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നുമാണ് മുന്നറിയിപ്പ്. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനിലെ ആന്റി-ഇക്കണോമിക് ക്രൈംസ് ഡിപ്പാര്‍ട്ട്മെന്റാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.യുവാക്കള്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍, ബിസിനസ് അക്കൗണ്ട് ഉടമകള്‍ എന്നിവര്‍ അപരിചിതരായ വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ വരുന്ന ഇത്തരം പരസ്യ ഓഫറുകളില്‍ വീഴരുതെന്ന് പൊലീസ് ആവശ്യപ്പെട്ടു.

വ്യാജ ബ്രാന്‍ഡഡ് വാച്ചുകള്‍, പെര്‍ഫ്യൂമുകള്‍, വസ്ത്രങ്ങള്‍, മറ്റ് ആക്‌സസറികള്‍ എന്നിവ ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നതും പ്രൊമോട്ട് ചെയ്യുന്നതും എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള ഒരു പാര്‍ട്ട് ടൈം ബിസിനസ് ആയി പലരും, പ്രത്യേകിച്ച് യുവാക്കള്‍ തെറ്റായി കാണുന്നുണ്ടെന്ന് ആന്റി-ഇക്കണോമിക് ക്രൈംസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മേജര്‍ ഒമര്‍ ഹസന്‍ നാസര്‍ പറഞ്ഞു. ഇത് യുഎഇയിലെ ബൗദ്ധിക സ്വത്തവകാശ, ട്രേഡ്മാര്‍ക്ക് നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ്. ഉല്‍പ്പന്നങ്ങളുടെ യഥാര്‍ത്ഥ ഉറവിടത്തെക്കുറിച്ച് അറിവില്ലായിരുന്നു എന്നത് നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒഴികഴിവല്ലെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ഇത് ദോഷകരമായി ബാധിക്കുന്നു. അതിനാല്‍ ഇന്‍ഫ്‌ലുവന്‍സര്‍മാരും ഓണ്‍ലൈന്‍ കച്ചവടക്കാരും ഏതൊരു ഉല്‍പ്പന്നം പരസ്യം ചെയ്യുന്നതിന് മുന്‍പും അതിന്റെ കൃത്യമായ ഉറവിടം, ഔദ്യോഗിക ലൈസന്‍സ്, ഒറിജിനല്‍ ഇന്‍വോയ്സ് എന്നിവ പരിശോധിച്ച് ബോധ്യപ്പെടണമെന്ന് ദുബൈ പൊലീസ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Comments (0)
Add Comment