ഇതര സംസ്ഥാന തൊഴിലാളികളുടെ വീട്ടിൽ അതിക്രമിച്ച് കയറി കവർച്ച; 6 പേർ അറസ്റ്റിൽ

ആലുവ∙ ഇതര സംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ കേസിൽ ആറ് പേർ അറസ്റ്റിൽ. എരുമത്തല ആലിങ്കൽ വീട്ടിൽ അനസ് (28), കാഞ്ഞിരക്കാട് റയോൺപുരം പുന്നക്കൽ വീട്ടിൽ നൂഹ് (26), കൊല്ലം കരുനാഗപ്പള്ളി തൊടിയൂർ ഏണിക്കാട്ട് വീട്ടിൽ വിനോദ് കുമാർ (35), പെരുമ്പാവൂർ കാഞ്ഞിരക്കാട് ചെറുവള്ളിക്കുടി വീട്ടിൽ ഹസ്സൻ (25), മൂവാറ്റുപുഴ പേഴക്കാപ്പിള്ളി മൂസാരി മോലേത്ത് വീട്ടിൽ ഹിത്ബുള്ള ഷിയാസ് (21), പേഴക്കാപ്പിള്ളി കണ്ണേമ്പിള്ളി വീട്ടിൽ ആഷിക് അലിയാർ (21) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. മേയ് 19ന് രാത്രിയാണ് സംഭവം. ശിവഗിരി വിദ്യാനികേതൻ സ്കൂളിന് അടുത്തുള്ള വാടകവീട്ടിലാണ് സംഘം അതിക്രമിച്ചു കയറിയത്. ലഹരി വിൽപന നടത്തുന്ന ഇതരസംസ്ഥാന തൊഴിലാളിയെ കണ്ടെത്താൻ എന്ന വ്യാജേനയായിരുന്നു അതിക്രമം. ഇവർ ലക്ഷ്യം വച്ചു വന്ന അസം സ്വദേശി മാസങ്ങൾക്കു മുൻപേ അവിടെ നിന്നു പോയിരുന്നു. ലഹരി വസ്തുക്കൾ ഉണ്ടെങ്കിൽ അതെടുത്തു കൊണ്ടുപോയി വിൽപന നടത്തുകയായിരുന്നു ലക്ഷ്യം.അവിടെ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ആക്രമിച്ച് മൊബൈൽ ഫോണുകൾ കവർന്നു. ഒരാളുടെ പോക്കറ്റിൽ നിന്ന് പണവും തട്ടിയെടുത്തു. ഇവർ കവർന്ന മൊബൈൽ ഫോണുകൾ പെരുമ്പാവൂരിലെ മൊബൈൽ ഫോൺ കടകളിൽ വിറ്റതായി പൊലീസിനോട് സമ്മതിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഡിവൈഎസ്പി എൻ.ബാബുക്കുട്ടൻ, എസ്ഐമരായ ജോസ്സി.എം.ജോൺസൺ, കെ.കെ.സജീഷ്, സിപിഓമരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, ബെന്നി ഐസക്ക്, അരവിന്ദ് വിജയൻ, എം.ഷാഹിൻ’ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Comments (0)
Add Comment