വിവാഹത്തില്‍ നിന്ന് പിന്മാറണം, കാമുകിയെ ക്രൂരമായി മര്‍ദ്ദിച്ചു, മരിച്ചെന്ന് കരുതി കുറ്റിക്കാട്ടില്‍ തള്ളി; വരന്‍ അറസ്റ്റില്‍

വിവാഹത്തില്‍ നിന്ന് പിന്മാറണം, കാമുകിയെ ക്രൂരമായി മര്‍ദ്ദിച്ചു, മരിച്ചെന്ന് കരുതി കുറ്റിക്കാട്ടില്‍ തള്ളി; വരന്‍ അറസ്റ്റില്‍കൊച്ചി: വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട കാമുകിയെ മര്‍ദ്ദിക്കുകയും കഴുത്തു ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ കോതമംഗലം സ്വദേശി നിതിനെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടിക്കെട്ടി യുവതിയെ കുറ്റിക്കാട്ടില്‍ തള്ളുകയായിരുന്നു.സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ നിതിന്റെ വിവാഹം തിങ്കളാഴ്ച നടക്കാനിരിക്കെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് കേസ്. പട്ടിമറ്റം സ്വദേശിയും ഒരു കുട്ടിയുടെ അമ്മയുമാണ് യുവതി. നിതിന്റെ വിവാഹം ഉറപ്പിച്ചതോടെ വിവാഹത്തില്‍ നിന്ന് പിന്മാറണമെന്ന് യുവതി ആവശ്യപ്പെട്ടു. ഇതേചൊല്ലി കഴിഞ്ഞ ശനിയാഴ്ച രാത്രി ഇവര്‍ തമ്മില്‍ കലഹമുണ്ടായി.കടുത്ത മര്‍ദ്ദത്തിനൊടുവില്‍ യുവതി മരിച്ചെന്ന് കരുതി നിതിന്‍, ഇവരുടെ കൈകള്‍ കൂട്ടിക്കെട്ടി കോതമംഗലം ന്യൂ ബൈപാസില്‍ കോഴിപ്പിള്ളി ഭാഗത്തെ വിജനമായ കുറ്റിക്കാട്ടില്‍ യുവതിയെ തള്ളുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പുലര്‍ച്ചെ ബോധം തിരിച്ചുകിട്ടിയ യുവതി ഇഴഞ്ഞുനീങ്ങി കോഴിപ്പിള്ളി ജംഗ്ഷനില്‍ എത്തി നാട്ടുകാരെ വിവരം ധരിപ്പിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Comments (0)
Add Comment