കോഴിക്കോട്: ബക്രീദ് ഉത്സവക്കാലത്ത് പാൽ, തൈര് വിൽപ്പനയിൽ വൻ കുതിപ്പുമായി മലബാർ മിൽമ. കഴിഞ്ഞ ബക്രീദ് കാലത്തെ അപേക്ഷിച്ച് പാലിൽ 8.36 ശതമാനവും തൈര് വിൽപ്പനയിൽ 16.53 ശതമാനവും റെക്കോർഡ് വളർച്ചയാണ് മലബാർ മിൽമ സ്വന്തമാക്കിയത്. ബക്രീദിനോടനുബന്ധിച്ചുള്ള നാല് ദിവസങ്ങളിലായി 36.52 ലക്ഷം ലിറ്റർ പാലും 6.66 ലക്ഷം കിലോഗ്രാം തൈരുമാണ് വിപണിയിൽ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 33.70 ലക്ഷം ലിറ്റർ പാലും 5.71 ലക്ഷം കിലോഗ്രാം തൈരുമായിരുന്നു മിൽമയുടെ ആകെ വിൽപ്പന.
പാൽ, തൈര് എന്നിവയ്ക്ക് പുറമെ മറ്റ് മിൽമ ഉൽപ്പന്നങ്ങൾക്കും വിപണിയിൽ വലിയ രീതിയിലുള്ള ആവശ്യക്കാരുണ്ടായിരുന്നു. ഉത്സവ സീസണിൽ 16,119 കിലോഗ്രാം പേഡ, 1,86,358 കിലോഗ്രാം നെയ്യ്, 5,902 കിലോഗ്രാം ബട്ടർ, 10,536 കിലോഗ്രാം പാലട എന്നിവയും മിൽമ വിറ്റഴിച്ചു. ഇതിനുപുറമെ 99,928 ലിറ്റർ ഐസ്‌ക്രീമും 14,121 കിലോഗ്രാം ഡേ ടു ഡേ ഡെയറി വൈറ്റ്‌നറും 3,411 കിലോഗ്രാം പനീറും ഈ ദിവസങ്ങളിൽ വിപണിയിലെത്തിക്കാൻ മിൽമയ്ക്ക് സാധിച്ചു.
മിൽമയുടെ സമഗ്രവും വ്യവസ്ഥാപിതവുമായ മാർക്കറ്റിംഗ് സംവിധാനവും അതോടൊപ്പം മിൽമ ഉൽപ്പന്നങ്ങളോട് ഉപഭോക്താക്കൾക്കുള്ള വർദ്ധിച്ച വിശ്വാസ്യതയും ആഭിമുഖ്യവുമാണ് ഈ മികച്ച വളർച്ചയ്ക്ക് പിന്നിലെന്ന് മിൽമ ചെയർമാൻ കെഎസ്.മണിയും മാനേജിംഗ് ഡയറക്ടർ കെസി ജെയിംസും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. വരും വർഷങ്ങളിലും ഉപഭോക്താക്കൾക്കായി കൂടുതൽ വിപണന സൗകര്യങ്ങൾ ഒരുക്കുമെന്നും അവർ വ്യക്തമാക്കി.