പ്രണയവുമായി ബന്ധപ്പെട്ട തർക്കം; മലയാളി യുവാവിനെ വെട്ടിക്കൊന്നു

മുംബൈ ∙മലയാളി യുവാവിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തി. ചെങ്ങന്നൂരിൽ കുടുംബവേരുള്ള താനെ ശിവായ്നഗർ നിവാസി വിഷ്ണു നായർ (31) ആണ് കൊല്ലപ്പെട്ടത്. രണ്ടു പേരെ അറസ്റ്റ് ചെയ്ത പൊലീസ് അന്വേഷണം ഊർജിതമാക്കി. സുഹൃത്തിന്റെ പ്രണയവുമായി ബന്ധപ്പെട്ട തർക്കമാണു കൊലപാതകത്തിനു കാരണമെന്നു മലയാളി സംഘടനാ നേതാക്കൾ പറഞ്ഞു.

പൊലീസ് സ്റ്റേഷനിൽ ഒത്തുതീർപ്പു ചർച്ചയ്ക്കു ശേഷം മടങ്ങുമ്പോൾ, വർത്തക്നഗറിനടുത്ത് ശിവായ് നഗർ നാക്കയിൽ എതിർവിഭാഗം ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു. വിഷ്ണുവിനും പ്രതികൾക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നു പൊലീസ് പറഞ്ഞു.

പരുക്കേറ്റ പ്രതികളിലൊരാളെ ആശുപത്രിയിലേക്കു മാറ്റി. താനെ വർത്തക് നഗറിനടുത്ത് ശിവായ് നഗറിലെ സൊനാലി ബിൽഡിങ് നിവാസിയായ വിഷ്ണു, മിനറൽ വാട്ടർ സപ്ലൈ ഏജൻസി സ്ഥാപനം നടത്തുകയായിരുന്നു. 3 പതിറ്റാണ്ടിലേറെയായി താനെ നിവാസിയായ ചെങ്ങന്നൂർ തിരുവൻവണ്ടൂർ വേണുഗോപാലൻ നായരുടെയും രേണുകയുടെയും മകനാണ്. സഹോദരി: വീണ. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം സംസ്കരിക്കും.

Comments (0)
Add Comment