നികുതി വെട്ടിച്ച് ഡീസൽ കടത്ത്; കൈ കാണിച്ച ജിഎസ്ടി ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ചു തകർക്കാനും ശ്രമം

കോഴിക്കോട് ∙ കൊയിലാണ്ടി നന്തിയിൽ പട്രോളിങ്ങിനിടെ ജിഎസ്ടി ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ചു തകർക്കാൻ ശ്രമിച്ച ഡീസൽ കടത്തു ലോറി പിടിയിൽ. ഡ്രൈവറും ഒപ്പമുണ്ടായിരുന്ന ഒരാളും കടന്നു. മാഹിയിൽനിന്നു നികുതി വെട്ടിച്ച് ഡീസൽ കടത്തുകയായിരുന്ന മിനി ലോറിയാണ് ജിഎസ്ടി എൻഫോഴ്സ്മെന്റ് വിഭാഗം പിന്തുടർന്നു പിടികൂടിയത്. അമിത വേഗത്തിൽ പാഞ്ഞ ലോറി ഒരു വീടിന്റെ മതിൽ ഇടിച്ചു തകർത്താണ് നിന്നത്.

ചൊവ്വാഴ്ച പുലർച്ചെ നാലിന് ദേശീയ പാതയിൽ നന്തിക്കു സമീപം വാഹന പരിശോധന നടത്തുകയായിരുന്ന ജിഎസ്ടി ഉദ്യോഗസ്ഥർ മിനി ലോറിക്കു കൈകാണിച്ചെങ്കിലും നിർത്തിയില്ല. ജിഎസ്ടി വാഹനം കണ്ടതോടെ അത് ഇടിച്ചു തകർക്കാൻ ശ്രമിച്ച ശേഷം ലോറി അതിവേഗത്തിൽ ഓടിച്ചുപോകുകയായിരുന്നു. പിന്തുടർന്ന ഉദ്യോഗസ്ഥർ വഴിയിൽ വാഹനം കുറുകെയിട്ട് ലോറി തടയാൻ ശ്രമിച്ചെങ്കിലും വെട്ടിച്ച് കടക്കാനുള്ള ശ്രമത്തിനിടെ മതിലിൽ ഇ‌ടിക്കുകയായിരുന്നു. കൊല്ലം-നെല്ല്യാടി റോഡിൽ നരിമുക്ക് വലിയ വയൽ പ്രീതാ സൗധത്തിൽ പി.കെ ശിവന്റെ വീടിന്റെ മതിലാണ് വാഹനം ഇടിച്ചു തകർത്തത്. ഡ്രൈവറും മിനി ലോറിയിലുണ്ടായിരുന്ന മറ്റൊരാളും ഓടി രക്ഷപ്പെട്ടു. ആറായിരം ലീറ്റർ ഡീസൽ ഈ ലോറിയിൽനിന്നു കണ്ടെത്തി. സംസ്ഥാനത്തെ വിലയെ അപേക്ഷിച്ച് മാഹിയിൽ ഡീസലിന് വലിയ വിലക്കുറവുണ്ട്. ഇത് മുതലെടുത്താണ് വലിയ തോതിൽ ഇന്ധനം കടത്തുന്നത്.

ലോറി ഡ്രൈവർക്ക് അപകടത്തിൽ പരുക്കുണ്ടെന്നാണ് വിവരം. ലോറി കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. എൻഫോഴ്സ്മെന്റ് ഇൻസ്‌പെക്ടർ ജി.വി. പ്രമോദ്, അസിസ്റ്റന്റ് എൻഫോഴ്സ്മെന്റ് ഇൻസ്‌പെക്ടർമാരായ ടി.പി.ലിതീഷ്, പി.കെ.ഷിജിൽ കുമാർ, ഡ്രൈവർ ആർ. രാഗേഷ് തുടങ്ങിയവരാണ് ജിഎസ്ടി സംഘത്തിലുണ്ടായിരുന്നത്. സംഭവത്തെക്കുറിച്ച് ജിഎസ്ടി ഉദ്യോഗസ്ഥർ കൊയിലാണ്ടി പൊലീസിൽ പരാതി നൽകി.

Comments (0)
Add Comment