സിഗരറ്റ് വലിച്ച് മീശ പിരിച്ച് പെരിയ ഇരട്ടക്കൊലക്കേസ് പ്രതി അശ്വിൻ; റീൽസ് ചിത്രീകരിച്ചത് ജാമ്യവ്യവസ്ഥ ലംഘിച്ച്

കാസർകോട് ∙ സിഗരറ്റ് വലിച്ച് പുക ഊതുന്നതും മീശ പിരിക്കുന്നതും റീലാക്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് പരോളിലിറങ്ങിയ പെരിയ ഇരട്ടക്കൊലക്കേസ് പ്രതി. ബേഡകം കുണ്ടംകുഴി സ്വദേശിയായ ഏഴാം പ്രതി അശ്വിനാണ് റീൽ പോസ്റ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കരുത് എന്ന പരോൾ വ്യവസ്ഥ കാറ്റിൽ പറത്തിയാണ് സിനിമാ ഡയലോഗിനൊപ്പം വീരപരിവേഷം നൽകുന്ന തരത്തിലുള്ള വിഡിയോ ഷെയർ ചെയ്തത്.

പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിലെ അഞ്ച് പ്രതികള്‍ക്കാണ് നിലവില്‍ പരോള്‍ ലഭിച്ചത്. കേസിലെ പത്ത് പ്രതികളിൽ ഒന്നാം പ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഇരുപത് ദിവസത്തേക്കാണ് പരോൾ. എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് മുമ്പ് നൽകിയ കൂട്ട പരോൾ വിവാദമായതോടെ കേസിലെ മറ്റ് നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു. ചട്ടങ്ങൾ ലംഘിച്ച് എല്ലാ പ്രതികൾക്കും ഒരുമിച്ച് പരോൾ നൽകിയെന്നായിരുന്നു കോൺഗ്രസ് ആരോപണം. കൂട്ടപ്പരോൾ വിവാദമായതോടെ ആഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. പരോൾ അനുവദിച്ചത് ചട്ട പ്രകാരമാണെന്ന് കണ്ടെത്തിയാലേ ബാക്കിയുള്ളവർക്ക് പുറത്തിറങ്ങാൻ സാധിക്കൂ.

‌അതിനിടെയാണ് പുറത്തിറങ്ങിയ പ്രതി പ്രകോപനപരമായ രീതിയിൽ റീൽ പോസ്റ്റ് ചെയ്തത്. പ്രതികൾ പുറത്തിറങ്ങിയതോടെ പ്രദേശത്ത് സംഘർഷ സാധ്യത മുൻനിർത്തി പൊലീസ് കനത്ത ജാഗ്രതയിലാണ്.

Comments (0)
Add Comment