ചേംബറിൽ കയറി മുൻസിഫ് മജിസ്ട്രേറ്റിനെ ആക്രമിക്കാൻ ശ്രമം; യുവാവിനെ മൽപിടിത്തത്തിലൂടെ കീഴടക്കി

ആലപ്പുഴ: ചെങ്ങന്നൂർ കോടതിയിൽ മുൻസിഫ് മജിസ്‌ട്രേറ്റിനെ ചേംബറിൽ കയറി ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ മൽപിടിത്തത്തിലൂടെ കീഴടക്കി. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ചെങ്ങന്നൂർ പെരിങ്ങാല മോഹിനി സദനത്തിൽ അരുൺ മോഹൻ എന്ന യുവാവാണ് അതിക്രമം കാണിച്ചത്.

ചെങ്ങന്നൂർ മുൻസിഫായ അമല ലോറൻസിന്റെ ചേംബറിലേക്കാണ് യുവാവ് അതിക്രമിച്ച് കയറിയത്. സംഭവസമയത്ത് ഇയാൾ ഹെൽമെറ്റും, റെയിൻ കോട്ടും ധരിച്ചിരുന്നു. പരിഭ്രമിച്ച മുൻസിഫ് കോടതിക്കുള്ളിലൂടെ ജീവനക്കാരുടെ ഓഫീസിലേക്ക് ഓടിക്കയറി. ഈ സമയം രണ്ട് ജീവനക്കാർ പ്രതിയെ തടഞ്ഞു.പ്രതിയുടെ കോട്ടിന്റെ ഉൾവശത്ത് ഒളിപ്പിച്ചിരുന്ന ചില്ലുകുപ്പി ഇതിനിടെ നിലത്തുവീണ് ഉടഞ്ഞു. പിന്നാലെ കോടതിയുടെ കിഴക്കേഗേറ്റിലൂടെ പുറത്തേക്ക് ഓടിയ യുവാവിനെ സിവിൽ സ്റ്റേഷന് മുന്നിലിട്ട് കോടതി ജീവനക്കാരും ഓട്ടോത്തൊഴിലാളികളും ചേർന്നാണ് കീഴടക്കിയത്.മൽപിടിത്തത്തിനിടെ രണ്ട് കോടതി ജീവനക്കാർക്ക് പരിക്കേറ്റു. കുറച്ചുദിവസമായി യുവാവ് കോടതി പരിസരത്ത് ഉണ്ടായിരുന്നതായി ബാർ അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. പോലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.

Comments (0)
Add Comment