വിവാഹമോചനക്കേസിൽ 23 വര്‍ഷം നീണ്ട പോരാട്ടം; ഇന്ത്യന്‍ വംശജയ്ക്ക് 85 കോടി രൂപ ജീവനാംശം, ചരിത്ര വിധി

ലണ്ടന്‍: വിവാഹമോചനത്തിനായി 23 വർഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ വംശജയ്ക്ക് വിജയം. ബ്രിട്ടനിലെ ഏറ്റവും ശ്രദ്ധേയമായ വിവാഹമോചന പോരാട്ടങ്ങളിലൊന്നില്‍ ഇന്ത്യന്‍ വംശജയായ വര്‍ഷ ഗോഹില്‍ 6.6 ദശലക്ഷം പൗണ്ട് (ഏകദേശം 85 കോടി രൂപ) നഷ്ടപരിഹാരമാണ് സ്വന്തമാക്കിയത്.

ഭര്‍ത്താവ് ഭദ്രേഷ് ഗോഹിലിനെതിരെ പരസ്ത്രീ ബന്ധവും ദാമ്പത്യത്തിലെ മോശം പെരുമാറ്റവും ചൂണ്ടിക്കാട്ടി 2002-ലാണ് വര്‍ഷ ഗോഹില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കുന്നതോടെയാണ് കേസിന്റെ തുടക്കം. അക്കാലത്ത് ഏകദേശം 270,000 പൗണ്ടും (ഏകദേശം 3.5 കോടി രൂപ) പ്യൂഷോ (Peugeot) കാറും സ്വീകരിച്ചുകൊണ്ട് വര്‍ഷ ഒത്തുതീര്‍പ്പിന് സമ്മതിച്ചു.എന്നാല്‍ ഭര്‍ത്താവിന്റെ ആസ്തികളെല്ലാം പൂര്‍ണ്ണമായി വെളിപ്പെടുത്തിയതായി വര്‍ഷ ഗോഹില്‍ വിശ്വസിച്ചിരുന്നില്ല. വര്‍ഷങ്ങളോളം, ആ സംശയങ്ങളെ സാധൂകരിക്കാന്‍ തക്ക തെളിവുകള്‍ ഒന്നും തന്നെ വര്‍ഷയ്ക്ക് ലഭിച്ചിരുന്നില്ല. എന്നാല്‍ നൈജീരിയന്‍ മുന്‍ ഗവര്‍ണര്‍ ജെയിംസ് ഇബോരിയുടെ കൂട്ടാളികളുമായി ബന്ധപ്പെട്ട ഒരു വന്‍ പണമിടപാട് കേസിലെ അന്വേഷണത്തില്‍ ഭദ്രേഷ് ഗോഹില്‍ കേന്ദ്രബിന്ദുവായതോടെ കഥ മാറി.

വിദേശ കമ്പനികളും ക്ലയന്റ് അക്കൗണ്ടുകളും വഴി ദശലക്ഷക്കണക്കിന് പൗണ്ട് കടത്താന്‍ അദ്ദേഹം സഹായിച്ചതായി അധികൃതര്‍ കുറ്റപ്പെടുത്തിയിരുന്നു. നീണ്ട അന്വേഷണത്തിനൊടുവില്‍ പണം വെളുപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചനയ്ക്കുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ഭദ്രേഷ് ഗോഹിലിനെതിരെ ചുമത്തി. 2011-ല്‍ ഇയാള്‍ക്ക് 10 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു.ആദ്യത്തെ വിവാഹമോചനക്കേസിന്റെ സമയത്ത് പുറത്തുവരാതിരുന്ന, കോടിക്കണക്കിന് പൗണ്ട് വിലമതിക്കുന്ന ആസ്തികള്‍ ഈ ക്രിമിനല്‍ നടപടികളിലൂടെ പുറത്തുവന്നു. വിവിധ രാജ്യങ്ങളിലായി പ്രവര്‍ത്തിച്ചിരുന്ന കമ്പനികളുടെ ശൃംഖലയിലൂടെ മറച്ചുവെച്ചതായി ആരോപിക്കപ്പെടുന്ന ഏകദേശം 28 ദശലക്ഷം പൗണ്ട് മരവിപ്പിക്കാന്‍ പ്രോസിക്യൂട്ടര്‍മാര്‍ നടപടി സ്വീകരിച്ചു.ഈ കണ്ടെത്തലുകള്‍, ആദ്യത്തെ വിവാഹമോചന ഒത്തുതീര്‍പ്പിനെ ചോദ്യം ചെയ്യാനുള്ള വര്‍ഷയുടെ തീരുമാനത്തിന് പുതിയൊരു ഊര്‍ജ്ജം പകര്‍ന്നു. അങ്ങനെ തര്‍ക്കം ഒടുവില്‍ യുകെ സുപ്രീം കോടതിയിലെത്തി. തങ്ങളുടെ ആസ്തികള്‍ പൂര്‍ണ്ണമായി വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഒരു പങ്കാളി (ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ) ആ വഞ്ചനയിലൂടെ നേട്ടമുണ്ടാക്കാന്‍ പാടില്ല എന്ന് നിരീക്ഷിച്ചുകൊണ്ട്, 2015-ലെ ഒരു ചരിത്രപരമായ വിധിയിലൂടെ ആദ്യത്തെ സാമ്പത്തിക ഒത്തുതീര്‍പ്പ് പുനഃപരിശോധിക്കാന്‍ ജഡ്ജിമാര്‍ വര്‍ഷയ്ക്ക് അനുമതി നല്‍കി.മരവിപ്പിച്ച ആസ്തികള്‍ പൂര്‍ണ്ണമായും കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ചതാണെന്നും അതിനാല്‍ അവ കണ്ടുകെട്ടല്‍ നടപടികള്‍ക്കായി ഉപയോഗിക്കണമെന്നും ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് വാദിച്ചു. എന്നാല്‍, ഈ സമ്പത്തിന്റെ ഒരു ഭാഗമെങ്കിലും തങ്ങളുടെ വിവാഹജീവിത കാലത്ത് നിയമപരമായ ബിസിനസുകളിലൂടെ കെട്ടിപ്പടുത്തതാണെന്നും അതിനാല്‍ അത് ദാമ്പത്യ സ്വത്തായി കണക്കാക്കണമെന്നും വര്‍ഷ വാദിച്ചു. അതേസമയം, ഈ ആസ്തികള്‍ തന്റേതല്ല എന്നായിരുന്നു ഭദ്രേഷ് ഗോഹിലിന്റെ വാദം.കോടതി 6.6 ദശലക്ഷം പൗണ്ട് അനുവദിക്കുന്നുമരവിപ്പിച്ച ഈ സമ്പത്തിന്മേലുള്ള പരസ്പര വിരുദ്ധമായ അവകാശവാദങ്ങള്‍ ജസ്റ്റിസ് വില്യംസ് വിശദമായി പരിശോധിച്ചു. ആസ്തികളുടെ ഒരു ഭാഗത്തിന് നിയമപരമായ ഉറവിടം ഉണ്ടെന്നും അത് ദമ്പതികളുടെ ദാമ്പത്യ സ്വത്തിന്റെ ഭാഗമാണെന്നും ജഡ്ജി വിലയിരുത്തി. കുറ്റകൃത്യങ്ങളുമായി ബന്ധമില്ലാത്ത ഏകദേശം 6.66 ദശലക്ഷം പൗണ്ടിന്റെ ആസ്തികള്‍ കണ്ടെത്തുകയും ആ തുക വര്‍ഷ ഗോഹിലിന് അനുവദിച്ച് നല്‍കുകയും ചെയ്തു.

‘ഭര്‍ത്താവിന്റെ പെരുമാറ്റം അങ്ങേയറ്റം കപടത നിറഞ്ഞതും അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതുമാണ്’ എന്നാണ് ജസ്റ്റിസ് വില്യംസ് അഭിപ്രായപ്പെട്ടത്. ഭദ്രേഷ് ഗോഹിലിന്റെ പ്രതിരോധ വാദങ്ങളെ കോടതി നിശിതമായി വിമര്‍ശിച്ചു. കടുത്ത വഞ്ചകനെന്നാണ് ഭദ്രേഷിനെ ജഡ്ജി വിശേഷിപ്പിച്ചത്. കഴിഞ്ഞ മാസം, യുകെ അപ്പീല്‍ കോടതി ഇതിന്മേല്‍ ഇനിമേല്‍ അപ്പീലുകള്‍ ഉണ്ടാകില്ലെന്ന് വിധി പ്രസ്താവിച്ചതോടെ ഈ കേസിന് ശാശ്വതമായ പരിസമാപ്തിയായി. മൂന്ന് കുട്ടികളാണ് ദമ്പതികള്‍ക്കുള്ളത്.

Comments (0)
Add Comment