ബസിൽ കയറാൻ വിദ്യാർഥികൾ യാചിക്കേണ്ട അവസ്ഥ; കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും

തൃശൂർ: സ്കൂൾ വിദ്യാർഥികളെ ബസിൽ കയറ്റാതെ റോഡിൽ നിർത്തിയ സ്വകാര്യ ബസ് കണ്ടക്ടർക്കെതിരെ കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ബസില്‍ കയറ്റണമെന്ന് യാചിക്കുന്ന വിദ്യാര്‍ഥികളുടെ വിഡിയോ ദൃശ്യം വൈറലായിരുന്നു. യാത്ര നിഷേധിച്ച കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനാണ് തീരുമാനം.വടക്കാഞ്ചേരി ക്ലേലിയ ബാര്‍ബിയേറി ഹോളി ഏഞ്ചല്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എട്ട് കുട്ടികൾക്കാണ് ഏറെ നേരെ റോഡിൽ കാത്തു നിൽക്കേണ്ടി വന്നതും യാചിക്കേണ്ട അവസ്ഥയുണ്ടായതും. വടക്കാഞ്ചേരി – കുന്നംകുളം റൂട്ടിലെ മെജോമോന്‍ ബസിലെ കണ്ടക്ടര്‍ മംഗലം സ്വദേശി ദാസന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നടപടിയെടുത്തതായി വടക്കാഞ്ചേരി സബ് ആര്‍ടി ഓഫീസിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സെന്തില്‍ വ്യക്തമാക്കി.

ചൊവ്വാഴ്ച വൈകീട്ടാണ് വിദ്യാര്‍ഥികളുടെ വൈറല്‍ ദൃശ്യത്തിന് അടിസ്ഥാനമായ സംഭവം വടക്കാഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ അരങ്ങേറിയത്. പത്താം ക്ലാസുകാരനായ ഒരു വിദ്യാർഥി കൈകൂപ്പി അപേക്ഷിക്കുന്നതാണ് വിഡിയോയില്‍ ഉണ്ടായിരുന്നത്. സമൂഹ മാധ്യമങ്ങളില്‍ സംഭവം വലിയ ചർച്ചയായതോടെ കണ്ടക്ടറെ സബ് ആര്‍ടി ഓഫീസിലേക്ക് ഇന്നലെ വിളിച്ചു വരുത്തി ലൈസന്‍സ് കണ്ടുകെട്ടി, രേഖാമൂലം വിശദീകരണം തേടി.സംഭവത്തിന്റെ നിജസ്ഥിതി അറിയിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസിന് തൃപ്തികരമായ വിശദീകരണം ലഭിച്ചില്ലെങ്കില്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനാണ് നീക്കം. ശിക്ഷാ നടപടികളുടെ ഭാഗമായി ദാസനെ എടപ്പാളിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശീലന കേന്ദ്രത്തില്‍ അഞ്ച് ദിവസത്തെ ട്രെയിനിങിന് അയക്കുമെന്നും സെന്തില്‍ അറിയിച്ചു.

Comments (0)
Add Comment