ലോറിയിൽ അമിത ലോഡ്; കയർപൊട്ടി കാറിനുമേൽ തടി വീണു: 32000 രൂപ പിഴ ചുമത്തി മോട്ടർ വാഹന വകുപ്പ്

ഉതിമൂട് ∙ അമിത ലോഡ് കയറ്റി വന്ന ലോറിയിലെ കയർ പിഐപി നീർപ്പാലത്തിൽ തട്ടി പൊട്ടി. തടികൾ വീണു പിന്നിൽ വന്ന കാറിനു നാശം. വൻ അപകടത്തിൽ നിന്നു ഡ്രൈവർ രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. പുനലൂർ–മൂവാറ്റുപുഴ പാതയിൽ ഉതിമൂട് പിഐപി നീർപ്പാലത്തിൽ ശനിയാഴ്ച വൈകിട്ടാണു സംഭവം. പഴവങ്ങാടി പ‍ഞ്ചായത്ത് മുൻ പ്രസിഡന്റ് ചെല്ലക്കാട് തുണ്ടിയിൽ ഏബ്രഹാം തോമസിന്റെ (അനിൽ തുണ്ടിയിൽ) കാറാണ് അപകടത്തിൽപ്പെട്ടത്. അമിതമായ ഉയരത്തിൽ റബർ തടികളും കയറ്റി പെരുമ്പാവൂരിലേക്കു പോകുകയായിരുന്നു മൂവാറ്റുപുഴ സ്വദേശിയുടെ ലോറി. ഉയരം കുറഞ്ഞ നീർപ്പാലത്തിൽ തട്ടി തടികൾ കെട്ടിയിരുന്നു കയർ പൊട്ടി.

പിന്നിൽ വന്ന കാറിന്റെ മുകളിലേക്കാണു തടികൾ വീണത്. അനിലിന്റെ മകൻ നിഫിൻ മാത്രമാണു കാറിലുണ്ടായിരുന്നത്. തടികൾ വീഴുന്നതു കണ്ടു വേഗം വെട്ടിച്ചു മാറ്റിയതു മൂലം നിഫിന്റെ മുഖത്തടിച്ചില്ല. കാറിന്റെ ബോണറ്റ്, മുൻ വശത്തെ ചില്ല്, ഹെഡ് ലൈറ്റ് എന്നിവ തകർന്നു. ബോണറ്റിനകത്തു നാശം നേരിട്ടിട്ടുണ്ടോയെന്നു പണിശാലയിൽ പരിശോധിച്ചു മാത്രമേ അറിയാനാകൂ. ലോറിയിൽ അമിത ലോഡ് കയറ്റിയതിനു മോട്ടർ വാഹന വകുപ്പ് അധികൃതർ 32000 രൂപ പിഴ ചുമത്തിയിരുന്നു. മുൻപും നീർപ്പാലത്തിൽ തട്ടി കയർ പൊട്ടി തടികൾ റോഡിൽ വീണിട്ടുണ്ട്. എന്നിട്ടും സുരക്ഷാ സംവിധാനങ്ങളൊന്നും കെഎസ്ടിപി ഒരുക്കുന്നില്ല. ദുരന്തമുണ്ടായ ശേഷം സുരക്ഷയൊരുക്കാതെ മുൻ കരുതൽ സ്വീകരിക്കുകയാണു വേണ്ടത്.

Comments (0)
Add Comment