സ്വകാര്യ സന്ദേശങ്ങൾ റെക്കോഡ് ചെയ്തു, സിയയെ കാമുകൻ ഭീഷണിപ്പെടുത്തി; കേതന്റെ കൊലപാതകത്തിന് കാരണം വിഗ്?

പുണെ∙ യുവ വ്യവസായി കേതൻ അഗർവാളിനെ പ്രതിശ്രുത വധുവും കാമുകനും ചേർന്ന് കൊക്കയിലേക്ക് തള്ളിയിട്ടുകൊന്ന കേസിൽ ദുരൂഹത തുടരുന്നു. കേതനെ കൊലപ്പെടുത്താൻ പ്രതിശ്രുത വധു സിയ ഗോയലിനെ അവരുടെ കാമുകൻ ചേതൻ ചൗധരി നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന സംശയത്തിലാണ് അന്വേഷണ സംഘം. സിയയുമായുള്ള ഫോൺ സംഭാഷണങ്ങളും സ്വകാര്യ സന്ദേശങ്ങളും ചേതൻ റെക്കോഡ് ചെയ്തിരുന്നെന്നും കേതനെ കൊലപ്പെടുത്തിയില്ലെങ്കിൽ ഇവ കേതന്റെയും സിയയുടെയും വീട്ടുകാരെയും കാണിക്കുമെന്നും ചേതൻ ഭീഷണിപ്പെടുത്തിയിരുന്നെന്നാണ് വിവരം.

സിയയുമായി ഒളിച്ചോടാനായിരുന്നു ചേതൻ ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും പിന്നീട് കേതനെ കൊലപ്പെടുത്താമെന്ന തീരുമാനത്തിലെത്തുകയായിരുന്നു. അതിസമ്പന്നരായ കേതന്റെ കുടുംബത്തിൽനിന്ന് സിയ മുഖാന്തിരം നേട്ടങ്ങളുണ്ടാക്കാമെന്നും ചേതൻ കണക്കൂകൂട്ടിയിരുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. കേതനിൽനിന്ന് സിയ പണം വാങ്ങിയിരുന്നോയെന്ന് അറിയാൻ ഇവരുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കുന്നുണ്ട്.

∙ കാരണം വിഗ്?കേസ് അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കേതന്റെ പിതാവ് വിശാൽ അഗർവാൾ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ കണ്ടു. പ്രതികൾക്ക് വധശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി വിശാൽ അഗർവാൾ പറഞ്ഞു.

അതേസമയം, വിഗ് ഉപയോഗിച്ചിരുന്ന കാരണം കേതനെ സിയയ്ക്ക് ഇഷ്ടമുണ്ടായിരുന്നില്ലെന്നും പൊലീസ് വൃത്തങ്ങൾ നേരത്തെ പിടിഐയോടു പറഞ്ഞിരുന്നു. എന്നാൽ കേതൻ വിഗ് ധരിക്കുന്ന വിവരം സിയയെയും കുടുംബത്തെയും നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടെന്നും ഈ കാരണം കൊണ്ട് ഒരാളെ കൊല്ലാനാകുമോയെന്നും വിശാൽ പ്രതികരിച്ചു. തനിക്കറിയാവുന്നിടത്തോളം സിയയാണ് ലോഹഗഡിലെ ട്രക്കിങ്ങിനായി കേതനെ നിർബന്ധിച്ച് കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment