‘ജീവന്‍ പൊലിഞ്ഞ ശേഷം നടപടികളിലേക്ക് കടന്നിട്ട് കാര്യമില്ല’; സൈക്കിളില്‍ നിന്ന് താഴ്ചയിലേക്ക് വീണ് കുട്ടി മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

കൊച്ചി: കാക്കനാട് മാവേലിപുരം ഓണം പാര്‍ക്കിന് സമീപം സൈക്കിള്‍ ചവിട്ടുന്നതിനിടെ താഴ്ചയിലേക്ക് വീണ് കുട്ടി മരിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ബാലാവകാശകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് കുമാര്‍ അപകടസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സംഭവത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തൃക്കാക്കര നഗരസഭയ്ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.

ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒരു വലിയ ദുരന്തമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഒരു ജീവന്‍ പൊലിഞ്ഞതിന് ശേഷം നടപടികളിലേക്ക് കടന്നിട്ട് കാര്യമില്ല. കുട്ടികളെ എപ്പോഴും പൂര്‍ണ്ണമായി നിയന്ത്രിച്ചു കൊണ്ടുപോകാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ തദ്ദേശ സ്ഥാപനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. എല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലും കുട്ടി-ബാലസൗഹൃദമായ സുരക്ഷിത സംവിധാനങ്ങള്‍ ഉണ്ടാവണമെന്നാണ് കമ്മീഷന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.സമാനമായ രീതിയില്‍ അപകട ഭീഷണിയുയര്‍ത്തുന്ന നിരവധി സാഹചര്യങ്ങള്‍ പലയിടങ്ങളിലും കാണാറുണ്ടെന്നും ഇത്തരം കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. അപകടം സംബന്ധിച്ച് സ്വമേധയാ കേസെടുത്ത ബാലാവകാശ കമ്മീഷന്‍, വരും ദിവസങ്ങളില്‍ ശക്തമായ തുടര്‍നടപടികളുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു. റോഹന്‍ ആന്‍ഡ്രൂസിന്റെയും ടെസി കെ മാത്യുവിന്റെയും മകള്‍ റിഹാന കാതറിന്‍ ആന്‍ഡ്രൂസ് ആണ് ദിവസങ്ങള്‍ക്ക് മുന്‍പ് റോഡില്‍ നിന്ന് ഇരുപതടി താഴ്ചയിലേക്കുവീണ് മരിച്ചത്.

Comments (0)
Add Comment