വീട്ടിൽ അതിക്രമിച്ചു കയറി; വിവാഹിതയായ യുവതിയുടേയും ആൺ സുഹൃത്തിന്റെയും വിഡിയോ പകർത്തി

കാസർകോട് ∙ രാത്രി വീട്ടിൽ അതിക്രമിച്ചു കയറി യുവതിയുടേയും ആൺ സുഹൃത്തിന്റെയും വിഡിയോ പകർത്തി ഭീഷണിപ്പെടുത്തിയവർക്കെതിരെ കേസ്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഭർതൃമതിയായ 27കാരിയുടെ പരാതിയിലാണ് രണ്ട് പേർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തത്.

ജൂൺ 23ന് രാത്രി പത്തരയോടെയാണ് സംഭവം. യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികൾ യുവതിയുടേയും ആൺസുഹൃത്തിന്റെയും വിഡിയോ ചിത്രീകരിച്ചു. വിഡിയോ സമൂഹ മാധ്യമം വഴി പ്രചരിപ്പിക്കുമെന്നും യുവതിയുടെ ഭർത്താവിന് അയച്ചു കൊടുക്കുമെന്നും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. പണം ഇല്ലെന്ന് പറഞ്ഞപ്പോൾ യുവതിയുടെ കമ്മൽ ഊരിവാങ്ങി.

തുടർന്നുള്ള ദിവസങ്ങളിലും പണം ആവശ്യപ്പെട്ട് ഭീഷണി തുടർന്നു. പ്രതികളുമായി യുവതി ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്നും ഭീഷണിപ്പെടുത്തി. ഇതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പ്രതികൾ പൊലീസിന്റെ പിടിയിലായെന്നാണ് സൂചന.

Comments (0)
Add Comment