ന്യൂഡൽഹി∙ ഡൽഹിയിലെ ലോധി കോളനി പ്രദേശത്ത് കെട്ടിടത്തിൽ നിന്ന് വീണ് നവവധു മരിച്ചു. 28കാരിയായ ആകൃതി സുതാറാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ വീട്ടുകാർ രംഗത്തെത്തി. മകളുടെ മരണം കൊലപാതകമാണെന്ന് വീട്ടുകാർ ആരോപിച്ചു.
ഏപ്രിൽ 24നാണ് ആകൃതിയുടെയും അറസ്തു സിക്കയുമായുള്ള വിവാഹം കഴിഞ്ഞത്. ഇരുവരും എട്ട് വർഷമായി പരസ്പരം അറിയുന്നവരാണ്. വിവാഹം കഴിഞ്ഞ് 3 മാസം തികയും മുൻപാണ് സംഭവം. ജൂലൈ നാലിനാണ് പുഷ്പ വിഹാർ സ്വദേശിയായ ആകൃതിയെ ഡൽഹിയിലെ ലോധി കോളനിയിലെ പാലികാ കുഞ്ചിലുള്ള ഫ്ലാറ്റിന്റെ സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ഫ്ലാറ്റിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയതാണെന്നായിരുന്നു നിഗമനം. ആകൃതിയുടെ ഭർതൃവീട്ടിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. എന്തിനാണ് യുവതി അവിടേയ്ക്ക് പോയത് എന്നതിൽ വ്യക്തതയില്ല. പ്രദേശവാസികളാണ് ഫ്ലാറ്റിന് സമീപം യുവതിയെ കണ്ടെത്തിയത്. യുവതിയുടെ ശരീരത്തിൽ ചതവുകളും പരുക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവ സ്ഥലത്ത് രക്തം കണ്ടിരുന്നില്ലെന്നാണ് വിവരം.
ചത്തർപൂരിലെ ഒരു സ്ഥാപനത്തിൽ സെയിൽസ് എക്സിക്യൂട്ടീവായാണ് യുവതി ജോലി ചെയ്തിരുന്നത്. വൈകിട്ട് ജോലി കഴിഞ്ഞ് ഓഫിസിൽ നിന്ന് ഇറങ്ങുമ്പോൾ യുവതി സ്വന്തം വീട്ടുകാരെ വിളിച്ചിരുന്നു. എന്നാൽ കുറച്ച് നേരത്തിന് ശേഷം യുവതിയെ ഫോണിൽ കിട്ടാതായി. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് യുവതി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചതായി വീട്ടുകാർ അറിഞ്ഞത്.
എന്നാൽ ആകൃതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. ഭർത്താവും വീട്ടുകാരും ചേർന്ന് ആകൃതിയെ കൊലപ്പെടുത്തിയതാണെന്ന് അവർ പറഞ്ഞു. മൃതദേഹം കണ്ടെത്തിയ കെട്ടിടത്തിൽ അധികമാരും താമസിക്കുന്നില്ലെന്നും സംഭവസ്ഥലത്ത് രക്തക്കറകളൊന്നും കണ്ടെത്താത്തതിനാൽ ആസൂത്രിതമായ കൊലപാതകമാണെന്നും കുടുംബം ആരോപിച്ചു.
സ്ത്രീധനത്തന്റെ പേരിൽ മകളെ ഭർത്താവ് നിരന്തരം ആക്രമിച്ചിരുന്നെന്ന് യുവതിയുടെ കുടുംബം പറഞ്ഞു. 20 ലക്ഷം രൂപ ഇവർ ആവശ്യപ്പെട്ടിരുന്നെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നും കുടുംബം ആരോപിച്ചു. മരണത്തിന് രണ്ട് ദിവസം മുൻപ് ആകൃതിയും അറസ്തുവും തമ്മിൽ വഴക്കുണ്ടായിരുന്നെന്നും വിവരമുണ്ട്.വിവാഹത്തിന് അവധിയെടുത്ത ശേഷം ജൂലൈ ഒന്നിനാണ് ആകൃതി ജോലിയില്‍ തിരികെ പ്രവേശിച്ചത്. ശനിയാഴ്ച സഹപ്രവർത്തകർക്കായി ഒരു ചെറിയ വിരുന്നും അവൾ ഒരുക്കിയിരുന്നു. സന്തോഷമില്ലായിരുന്നെങ്കിൽ അല്ലെങ്കിൽ ജീവനൊടുക്കാൻ പദ്ധതിയിട്ടിരുന്നെങ്കിൽ അവൾ എന്തിന് ആഘോഷം നടത്തണമെന്നും കുടുംബം ചോദിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.