മണ്ണിടിഞ്ഞ മീനാക്ഷി പ്രദേശം കാമല്‍ ഹമ്പ് മലനിരുടെ ഭാഗം

കല്‍പ്പറ്റ: വയനാട് മേപ്പാടിക്കടുത്ത് ഇന്നലെ മണ്ണിടിഞ്ഞ മീനാക്ഷി പ്രദേശം പരിസ്ഥിതി ദുര്‍ബലമായ കാമല്‍ ഹമ്പ് മലനിരയുടെ ഭാഗം. മീനാക്ഷി പാലത്തില്‍നിന്ന് ഏകദേശം എട്ട് കിലോമീറ്റര്‍ മാത്രമാണ് 2024 ജൂലൈ 30ന് അനേകരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടലുണ്ടായ പുഞ്ചിരിമട്ടം. കാമല്‍ ഹമ്പ് മലനിരയില്‍ ഉള്‍പ്പടുന്നതാണ് ഈ സ്ഥലവും. ജൈവ വൈവിധ്യത്തിന് പ്രസിദ്ധമായ കാമല്‍ ഹമ്പ് മലനിരയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ 1960 മുതല്‍ നിരവധി തവണ ഉരുള്‍ പൊട്ടിയിട്ടുണ്ട്. 1984ലും 2019ലും 2020ലും മുണ്ടക്കൈയില്‍ ഉരുള്‍ പൊട്ടി. ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയും പാതാറും പുഞ്ചിരിമട്ടത്തിന് ഏറെ അകലെയല്ല. 2019 ഓഗസ്റ്റ് എട്ടിന് ഉരുള്‍ ദുരന്തമുണ്ടായ പുത്തുമല മീനാക്ഷി പാലത്തിന്റെ സമീപ പ്രദേശമാണ്. ഇതിനകം വയനാടിനെ നടുക്കിയ ദുരന്തങ്ങളെയും പരിസ്ഥിതി സംഘടനകളുടെ എതിര്‍പ്പിനെയും അവഗണിച്ചാണ് കള്ളാടി-ആനക്കാംപൊയില്‍ ഇരട്ട തുരങ്ക പാത പദ്ധതിയുമായി കഴിഞ്ഞ സര്‍ക്കാര്‍ മുന്നോട്ടുപോയത്.പരിസ്ഥിതി വിനാശത്തിന് ഇടയാക്കുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ തുരങ്ക പാത പദ്ധതിക്കെതിരേ വയനാട് പ്രകൃതി സംരക്ഷണ സമിതി ഹൈക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. വനം-പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചും വസ്തുതകള്‍ മറച്ചുവച്ചും സര്‍ക്കാര്‍ നേടിയതാണ് പദ്ധതിയുടെ പരിസ്ഥിതി അനുമതിയെന്നാണ് പ്രകൃതി സംരക്ഷണ സമിതിയുടെ നിലപാട്. തുരങ്കപാത കടന്നുപോകേണ്ട പര്‍വത പ്രദേശങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നതടക്കം ജൈവജാലങ്ങളുടെ ആവാസവ്യവസ്ഥയുമാണ്

Comments (0)
Add Comment