ഇനിയില്ല, പാട്ടിന്റെ തേനും വയമ്പും…; ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട

മൈസൂരു ∙ തലമുറകളെ പാട്ടിന്റെ പാലാഴിയിലേക്കു ക്ഷണിച്ച സംഗീതവിസ്മയം എസ്.ജാനകി (88) ഇനി ഓർ‌മകളിലെ മായാത്ത സ്വരം. ഗായികയുടെ ഭൗതികദേഹം മൈസൂരുവിലെ കനിയനഹുണ്ഡി ഫാം ഹൗസിൽ സംസ്കരിച്ചു. മൈസൂരു മഹാരാജാസ് കോളജ് മൈതാനത്തു മണിക്കൂറുകൾ നീണ്ട പൊതുദർശനത്തിനു ശേഷമായിരുന്നു സംസ്കാരച്ചടങ്ങ്. സിനിമാ, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരടക്കം ആയിരങ്ങളാണ് പ്രിയഗായികയെ അവസാനമായി കാണാൻ മഹാരാജാസ് കോളജ് മൈതാനത്തേക്ക് എത്തിയത്.വൈകിട്ട് നാലരയോടെ മഹാരാജാസ് കോളജിലെ പൊതുദർശനം അവസാനിപ്പിച്ച്് മൃതദേഹം കനിയനഹുണ്ഡി ഫാം ഹൗസിലേക്ക് എത്തിച്ചു. ഇവിടേക്കും ഗായികയ്ക്ക് അന്ത്യോപചാരം അർപ്പിക്കാൻ ആളുകൾ ഒഴുകിയെത്തി. മൈസൂരുവിൽ സംസ്കരിക്കണമെന്നത് ഗായികയുടെ ആഗ്രഹമായിരുന്നു. ചെറുമകൾ അപ്സര വൈദ്യുലയാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.

ഞായറാഴ്ച രാത്രി 7.30നായിരുന്നു എസ്.ജാനകിയുടെ അന്ത്യം. മൈസൂരുവിലെ വീട്ടിൽ കുഴഞ്ഞുവീണ ജാനകിയെ ഇന്നലെ ഉച്ചയോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏകമകനും നർത്തകനുമായ മുരളീകൃഷ്‌ണ (65) ഹൃദയാഘാതത്തെ തുടർന്നു കഴിഞ്ഞ ജനുവരിയിൽ മരിച്ചതിനു ശേഷം ചെറുമകൾ അപ്സര വൈദ്യുലയ്ക്കൊപ്പമായിരുന്നു ജാനകി താമസിച്ചിരുന്നത്.

Comments (0)
Add Comment