ന്യൂഡല്‍ഹി: കേരള വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് താല്‍ക്കാലിക നിയന്ത്രണമേര്‍പ്പെടുത്തിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ വഖഫ് ബോര്‍ഡ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നും ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍വസ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കണമെന്നുമാണ് ബോര്‍ഡ് അംഗം ഉമര്‍ ഫൈസി സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബോര്‍ഡില്‍ രണ്ട് മുസ്ലിം ഇതര അംഗങ്ങളെ ഉള്‍പ്പെടുത്താത്തത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെപ്പിച്ചത്.
ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് ഫയല്‍ ചെയ്ത പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്. കോടതിയുടെ അനുമതിയില്ലാതെ നയപരമായതോ പ്രധാനപ്പെട്ടതോ ആയ തീരുമാനങ്ങള്‍ ബോര്‍ഡെടുക്കാന്‍ പാടില്ലെന്നും മൂലധന ചെലവുകള്‍ ഉണ്ടാക്കരുതെന്നും എന്നുമായിരുന്നു കേരള ഹൈക്കോടതി വിധി. വഖഫ് കാര്യങ്ങള്‍ കൈകാര്യംചെയ്യുന്ന ജോയിന്റ് സെക്രട്ടറിയുടെ മേല്‍നോട്ടത്തിലായിരിക്കും തത്കാലം ബോര്‍ഡിന്റെ പ്രവര്‍ത്തനമെന്നും കേരള ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവോടെ വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം ഏറെക്കുറെ നിലച്ച അവസ്ഥയാണ്.
ഈ സാഹചര്യത്തില്‍ കേരള ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ബോര്‍ഡും, ഉമര്‍ ഫൈസിയും അഭിഭാഷകന്‍ കെആര്‍ സുഭാഷ് ചന്ദ്രന്‍ മുഖേന സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തിലെ ഇത്തരം ചില നിര്‍ണായക വ്യവസ്ഥകള്‍ ഇതിനകം തന്നെ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും, അതിനാല്‍ ഹൈക്കോടതിയുടെ ഇപ്പോഴത്തെ അടിയന്തര ഇടപെടല്‍ ബോര്‍ഡിന്റെ ദൈനംദിന ഭരണത്തെ ബാധിക്കുമെന്നുമാണ് ഔദ്യോഗിക വൃത്തങ്ങളുടെ വാദം.ബോര്‍ഡില്‍ മുസ്ലിം ഇതര അംഗങ്ങളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ രാജ്യവ്യാപകമായി തന്നെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. ഈ വിഷയം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന് മുന്നില്‍ ഇരിക്കുന്ന സാഹചര്യത്തിലാണ് കേരള ഹൈക്കോടതി ഹര്‍ജിക്കാരുടെ വാദങ്ങള്‍ പ്രാഥമികമായി അംഗീകരിച്ചുകൊണ്ട് സ്റ്റേ നല്‍കിയത്. ജോയിന്റ് സെക്രട്ടറിക്ക് ദൈനംദിന ചുമതല നല്‍കിയിട്ടുണ്ടെങ്കിലും നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കാത്തത് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ നിശ്ചലമാക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് അപ്പീല്‍ നീക്കം. നിയമപരമായ അപാകതകള്‍ പരിഹരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നെങ്കിലും കോടതി കര്‍ശന നിലപാടിലേക്ക് നീങ്ങുകയായിരുന്നു. ഈ പശ്ചാത്തലത്തില്‍ സുപ്രീംകോടതിയില്‍ നിന്ന് അടിയന്തര സ്റ്റേ സമ്പാദിക്കാനാണ് വഖഫ് ബോര്‍ഡിന്റെ ശ്രമം.