ഗള്‍ഫില്‍ വ്യാജ ബ്രാന്‍ഡുകളുടെ വന്‍ ശേഖരം പിടിച്ചെടുത്തു; 3,699 ഓളം വ്യാജ വസ്ത്രങ്ങള്‍ പിടികൂടി

റിയാദ്: ജിദ്ദ ഗവര്‍ണറേറ്റിന്റെ തെക്ക്, മധ്യ മേഖലകളില്‍ നടത്തിയ പരിശോധനകളില്‍, പ്രമുഖ ക്ലബ്ബുകളുടെ ലോഗോകളും വ്യാജ ബ്രാന്‍ഡ് ചിഹ്നങ്ങളും പതിച്ച 3,699-ഓളം വ്യാജ വസ്ത്രങ്ങള്‍ ഫീല്‍ഡ് ടീമുകള്‍ പിടിച്ചെടുത്തു. വ്യാജ വസ്ത്രങ്ങള്‍ പൂര്‍ണമായും നശിപ്പിക്കുകയും തയ്യല്‍, എംബ്രോയ്ഡറി, പ്രിന്റിങ്, കട്ടിങ് എന്നിവക്കായി ഉപയോഗിച്ച 19 മെഷീനുകളും ഉപകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

അല്‍-ജാമിയ മേഖലയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലെ രണ്ട് മുറികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രത്തില്‍ നിന്ന് 1,029 വ്യാജ വസ്ത്രങ്ങള്‍ നശിപ്പിച്ചു. അല്‍-അസീസിയ മേഖലയില്‍ 2,670 വസ്ത്രങ്ങള്‍ കണ്ടെത്തുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പൂര്‍ണമായും നശിപ്പിക്കുകയും ചെയ്തു.അല്‍-ജാമിയ, അല്‍-അസീസിയ മുനിസിപ്പാലിറ്റി പരിധികളില്‍ നടത്തിയ ഈ പരിശോധനകളില്‍ സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി, വാണിജ്യ മന്ത്രാലയം, സിവില്‍ ഡിഫന്‍സ്, സൗദി അതോറിറ്റി ഫോര്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി എന്നിവരും ഫീല്‍ഡ് ഫീല്‍ഡ് പരിശോധനയില്‍ പങ്കെടുത്തു.

Comments (0)
Add Comment