മൂന്നു കോടി നല്‍കിയാല്‍ മന്ത്രിപദവി, കോണ്‍ഗ്രസ് നേതാക്കളെ കബളിപ്പിച്ച കേസ്: രണ്ടു പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: യുഡിഎഫ് സര്‍ക്കാരില്‍ മന്ത്രിസ്ഥാനം അടക്കം ഉന്നത പദവികള്‍ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് നേതാക്കളെ കബളിപ്പിച്ച് പണം തട്ടാനുള്ള നീക്കത്തില്‍ രണ്ടുപേര്‍ പിടിയില്‍. ഡല്‍ഹി സ്വദേശികളായ നിതിന്‍ കുമാര്‍, ഗൗരവ് എന്നിവരാണ് പിടിയിലായത്. കോഴിക്കോട് സിറ്റി സൈബര്‍ പൊലീസാണ് പ്രതികളെ പിടികൂടിയത്. പ്രിയങ്കാഗാന്ധിയുടെ ഓഫീസില്‍ നിന്നെന്ന വ്യാജേനയാണ് നേതാക്കള്‍ക്ക് ഫോണ്‍ സന്ദേശം ലഭിച്ചിരുന്നത്.

മൂന്നു കോടി രൂപ നല്‍കിയാല്‍ യുഡിഎഫ് സര്‍ക്കാരില്‍ മന്ത്രിപദവി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഫോണ്‍ സന്ദേശം ലഭിച്ചതായി എലത്തൂര്‍ എംഎല്‍എ വിദ്യാ ബാലകൃഷ്ണനാണ് ആദ്യം വെളിപ്പെടുത്തിയത്. പിന്നീട് ഷാഫി പറമ്പില്‍, ഡീന്‍ കുര്യാക്കോസ് തുടങ്ങിയ എംപിമാര്‍ക്കും അത്തരത്തില്‍ ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. ഉന്നത പദവികള്‍ വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു കോള്‍. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.കോള്‍ വന്ന സിം കാര്‍ഡിന്റെ ഉടമയെ പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍, ഫോണ്‍ രണ്ടുമാസം മുമ്പ് കാണാതെ പോയതായി ഇയാള്‍ പൊലീസിനെ അറിയിച്ചു. ഇതു മുഖവിലയ്ക്ക് എടുത്ത് അന്വേഷണം നടത്തിയ പൊലീസ്, മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഡല്‍ഹി സ്വദേശികളെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ മുമ്പും രാഷ്ട്രീയക്കാരെ തട്ടിപ്പിന് ഇരയാക്കിയിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. കേരളത്തിലെ എംഎല്‍എമാരുടേയും എംപിമാരുടേയും ഫോണ്‍ നമ്പറുകള്‍ എങ്ങനെ പ്രതികള്‍ക്ക് ലഭിച്ചെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Comments (0)
Add Comment