വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം

മാനന്തവാടി: വാർത്താ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അംഗങ്ങളായവരുടെ ഫോൺ നമ്പറുകൾ ശേഖരിച്ച് വ്യാജ വിവരങ്ങളും ഫോട്ടോകളും നൽകി പണം തട്ടുന്ന സൈബർ തട്ടിപ്പ് സംഘങ്ങൾ ജില്ലയിൽ സജീവമാകുന്നു. പബ്ലിക് ലിങ്കുകൾ വഴിയുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ കടന്നുകൂടിയാണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത്. വയനാട് ഡെയിലി ന്യൂസ് പോർട്ടലിന്റെ ഗ്രൂപ്പുകളിൽ നിന്ന് നമ്പർ ശേഖരിച്ച് നടത്തിയ ഇത്തരം ഒരു തട്ടിപ്പിൽ ഒരാൾക്ക് പണം നഷ്ടപ്പെട്ടു. സംഭവത്തിൽ ന്യൂസ് പോർട്ടൽ അധികൃതർ വയനാട് പോലീസിൽ പരാതി നൽകി.പബ്ലിക് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യുന്ന തട്ടിപ്പുകാർ, ഗ്രൂപ്പിലെ അംഗങ്ങളുടെ നമ്പറുകൾ ശേഖരിക്കുകയാണ് ആദ്യപടി. തുടർന്ന് ഈ നമ്പറുകളിലേക്ക് നേരിട്ട് മെസ്സേജ് അയക്കും. പെൺകുട്ടിയാണെന്ന് പരിചയപ്പെടുത്തുകയും, തുടർന്ന് പരിചയം നടിച്ചുമാണ് സംസാരം തുടങ്ങുന്നത്. ഇതിനുശേഷം, കാലൊടിഞ്ഞു കിടക്കുന്ന ഒരാളുടെ ചിത്രവും, ഒരു പെൺകുട്ടിയുടെ ചിത്രവും അയച്ചുകൊടുക്കും. ഭർത്താവിന് അപകടം പറ്റിയതാണെന്നും, ചികിത്സയ്ക്ക് അടിയന്തരമായി പണം വേണമെന്നും പറഞ്ഞ് സഹതാപം പിടിച്ചുപറ്റി പണം തട്ടുകയാണ് ഇവരുടെ രീതി.ചികിത്സാ സഹായം ചോദിച്ചുകൊണ്ട് അയച്ചു നൽകുന്ന ചിത്രങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ചിത്രങ്ങളാണെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, തട്ടിപ്പുകാർ ഉപയോഗിക്കുന്ന പെൺകുട്ടിയുടെ ചിത്രം ഒരുഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറുടേതാണ്. നിരപരാധികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തും, വ്യാജ ഐഡന്റിറ്റികൾ സൃഷ്ടിച്ചുമാണ് സംഘം പ്രവർത്തിക്കുന്നത്.ന്യൂസ് പോർട്ടലിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗമായ ഒരു വ്യക്തിക്കാണ് തട്ടിപ്പുകാരുടെ വലയിൽ വീണ് പണം നഷ്ടപ്പെട്ടത്. സഹായംഅഭ്യർത്ഥിച്ചുള്ള മെസ്സേജ് കണ്ട ഇദ്ദേഹം, കേരള ഗ്രാമീൺ ബാങ്കിന്റെ കൊട്ടാരക്കര ബ്രാഞ്ചിലുള്ള ധനീഷ എന്ന പേരിലുള്ള അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി 2000 രൂപ അയച്ചു കൊടുക്കുകയായിരുന്നു. പിന്നീട് സംശയം തോന്നി ന്യൂസ് പോർട്ടൽ എഡിറ്ററെ വിവരമറിയിച്ചപ്പോഴാണ് ഇതൊരു സൈബർ തട്ടിപ്പാണെന്ന് മനസ്സിലായത്.സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത്, വയനാട് ഡെയിലി ന്യൂസ് പോർട്ടൽ അധികൃതർ വയനാട് പോലീസിൽൽ പരാതി നൽകിയിട്ടുണ്ട്. തട്ടിപ്പുകാർ ഉപയോഗിച്ച വാട്സ്ആപ്പ് നമ്പർ(+91 95621 01880), പണം കൈമാറിയ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ (അക്കൗണ്ട്നമ്പർ: 40572101042410, IFSC: KLGB0040572), വ്യാജ ഫോട്ടോകൾ, ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ എന്നിവയുൾപ്പെടെയുള്ള തെളിവുകൾ പോലീസിന് കൈമാറിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനും പ്രതികളെ കണ്ടെത്താനുമുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി സമാനമായ രീതിയിൽ അപരിചിതരിൽ നിന്ന് മെസ്സേജുകളോ ഫോൺ കോളുകളോ വന്നാൽ യാതൊരു കാരണവശാലും പണം അയക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. – അപരിചിതമായ നമ്പറുകളിൽ നിന്ന് വരുന്ന വ്യക്തിപരമായ മെസ്സേജുകളോട് പ്രതികരിക്കരുത്. – വാട്സ്ആപ്പിൽ ഇത്തരം നമ്പറുകൾ അപ്പോൾ തന്നെ ‘Report and Block’ ചെയ്യുക. – പരിചയമില്ലാത്ത വ്യക്തികൾക്ക് ചികിത്സാ സഹായമോ മറ്റോ ആവശ്യപ്പെട്ട് പണം നൽകാതിരിക്കുക. – തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന നാഷണൽ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറിലോ, cybercrime.gov.in എന്ന വെബ്സൈറ്റിലോ, അടുത്തുള്ള പോലീസ് സ്റ്റേഷനിലോ പരാതി നൽകുക.പബ്ലിക് വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ അഡ്മിൻമാർ ഗ്രൂപ്പ് അംഗങ്ങൾക്ക് കൃത്യമായ മുന്നറിയിപ്പ് നൽകണമെന്നും, സംശയാസ്പദമായ നമ്പറുകൾ ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Comments (0)
Add Comment