കൽപറ്റ: കോഴിക്കോട് കൊയിലാണ്ടിയിലെ കായികമണ്ണിൽ ചക്രമുരുട്ടി വയനാടിന്റെ ചുണക്കുട്ടികൾ. സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ജില്ലയുടെ അഭിമാനമുയർത്തി മിന്നും വിജയവുമായി വയനാടൻ സംഘം. സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലും കളംനിറഞ്ഞ് കളിച്ച വയനാട്, പങ്കെടുത്ത എല്ലാ കാറ്റഗറിയിലും ആദ്യ മൂന്ന് സ്ഥാനങ്ങൾക്കുള്ളിൽ ഇടംപിടിച്ച് വിസ്മയകരമായ മുന്നേറ്റമാണ് നടത്തിയത്.
പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്, ബത്തേരി ഐഡിയൽ സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിഭാശാലികളായ വിദ്യാർഥികളാണ് വയനാടിനായി കളത്തിലിറങ്ങിയത്. ഒത്തിണക്കവും കൃത്യതയാർന്ന വേഗവും തന്ത്രപരമായ കളിയും കൈമുതലാക്കി എതിരാളികളെ അമ്പരപ്പിച്ചാണ് ഇവർ വിജയത്തിലേക്ക് കുതിച്ചെത്തിയത്.
ഈ സുവർണ്ണ നേട്ടത്തിന് കൂടുതൽ തിളക്കമേകി, ദേശീയ ചാമ്പ്യൻഷിപ്പിനായുള്ള സംസ്ഥാന സൈക്കിൾ പോളോ ടീമിന്റെ പരിശീലന ക്യാമ്പിലേക്ക് വയനാട്ടിൽ നിന്ന് 12താരങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു. ഗ്രാമീണ വിദ്യാലയങ്ങളിൽ നിന്ന് ദേശീയ നിലവാരത്തിലേക്ക് ഉയരുന്ന ഈ കായികതാരങ്ങൾ ജില്ലയ്ക്ക് വലിയ പ്രതീക്ഷയും അഭിമാനവുമാണ് സമ്മാനിക്കുന്നത്.
ജില്ലയുടെ ചരിത്രനേട്ടത്തിൽ അണിചേർന്ന മുഴുവൻ കായികതാരങ്ങളെയും വയനാട് ജില്ലാ സൈക്കിൾ പോളോ അസോസിയേഷൻ പ്രസിഡന്റ് സംഷാദ് മരക്കാർ അനുമോദിച്ചു. ജില്ലയ്ക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണിതെന്നും അദ്ദേഹം പറഞ്ഞു. ടീമിനൊപ്പം നിന്ന് ഊർജം പകർന്ന സൈക്കിൾ പോളോ അസോസിയേഷൻ ജില്ലാ സെക്രട്ടറി മുഹമ്മദ് നവാസ് ടി ,ജില്ലാ സ്പോർട്സ് കൗൺസിൽ മെമ്പർ സാജിദ് എൻ സി എന്നിവരുടെ സാന്നിധ്യവും പിന്തുണയും ഈ മിന്നും വിജയത്തിൽ നിർണ്ണായകമായി. നേട്ടം കൈവരിച്ച താരങ്ങൾക്ക് ജില്ലയിൽ വരും ദിവസങ്ങളിൽ ഊഷ്മളമായ സ്വീകരണം നൽകുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.