ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന്റെ ചില്ല് തകര്‍ത്ത് യുവാവ് പുറത്തേക്ക് ചാടി

മാനന്തവാടി: ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസ്സിന്റെ മുന്‍വശത്തെ ചില്ല് തകര്‍ത്ത് അതിഥി തൊഴിലാളിയായ യുവാവ് പുറത്തേക്ക് ചാടി. ഝാര്‍ഖണ്ഡ് സ്വദേശി മനോജ് കിഷന്‍ (28) ആണ് ചാടിയത്. തല കൊണ്ട് ചില്ല് ഇടിച്ച് പൊളിച്ചാണ് ഇയാള്‍ താഴേക്ക് ചാടിയത് തലയ്ക്ക് ഗുരുതര പരിക്കേറ്റ മനോജിനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

കോഴിക്കോട് നിന്നും മാനന്തവാടിക്ക് വരികയായിരുന്ന കോഴിക്കോട് ഡിപ്പോയിലെ എ ടി സി 25 ബസ്സില്‍ വെച്ച് ഇന്ന് രാവിലെ ഏഴരയോടെ മാനന്തവാടി ദ്വാരകയ്ക്ക് സമീപമായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം കോഴിക്കോട് നിന്നും ബസ്സില്‍ കയറിയ മനോജ് ചുണ്ടേല്‍ മുതല്‍ ബസ്സിനുള്ളില്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ബസ് ജീവനക്കാര്‍ പറഞ്ഞു. പല തവണ കണ്ടക്ടര്‍ മനോജിനോട് അടങ്ങിയിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ പൊടുന്നനെ മനോജ് ബസ്സിന്റെ മുന്‍ഭാഗത്തേക്ക് വന്ന് ചാടുകയായിരുന്നു. അസ്വാഭാവിക പെരുമാറ്റം കണ്ടയുടന്‍ താന്‍ ബസ് നിര്‍ത്തിയതായും, അതല്ലായിരുന്നെങ്കില്‍ മനോജ് ടയറിനടിയില്‍ പെട്ടുപോകുമായിരുന്നെന്നും െ്രെഡവര്‍ സുഭീഷ് പറഞ്ഞു.

മാനന്തവാടി എസ്‌ഐ എം,സി പവനന്‍ ആശുപത്രിയിലെത്തി പ്രാഥമിക അന്വേഷണം നടത്തി. മനോജ് മുന്‍പ് പാരിസണ്‍സ് എസ്‌റ്റേറ്റില്‍ ജോലി ചെയ്തിരുന്നതായും എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് ഇയാളെ ജോലിയില്‍ നിന്നും പറഞ്ഞു വിട്ടതാണെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. നാല് ദിവസം മുന്‍പാണ് ഇയാള്‍ ഝാര്‍ഖണ്ഡില്‍ നിന്നും വയനാട്ടിലേക്ക് പുറപ്പെട്ടതെന്നും വരുന്ന വഴിക്ക് മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായും സുഹൃത്തുക്കള്‍ പറഞ്ഞു.

Comments (0)
Add Comment