അഹമ്മദാബാദ്∙ രാജ്യത്തെ ദുഃഖത്തിലാഴ്ത്തിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ മരിച്ച ബിജെ മെഡിക്കൽ കോളജിലെ വിദ്യാർഥികൾക്കും ഡോക്ടർമാരുടെയും കുടുംബാംഗങ്ങൾക്കും ആശ്വാസമായി ആറുകോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് പ്രമുഖ ഡോക്ടറും ആരോഗ്യ സംരംഭകനുമായ ഷംഷീർ വയലിൽ. വിമാനം ഹോസ്റ്റലിലേക്ക് ഇടിച്ചുകയറി ജീവൻ നഷ്ടപ്പെട്ട എംബിബിഎസ് വിദ്യാർഥികളായ രാജസ്ഥാനിലെ ജയപ്രകാശ് ചൗധരി, മാനവ് ഭാദു, മധ്യപ്രദേശിലെ ആര്യൻ രജ്പുത്, ഗുജറാത്തിലെ രാകേഷ് ദിഹോറ എന്നിവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം ഡോ. ഷംഷീർ നൽകും. ഗുരുതരമായി പരുക്കേറ്റ അഞ്ച് വിദ്യാർഥികൾക്കും അപകടത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട മെഡിക്കൽ കോളജിലെ ഡോക്ടർമാർക്കും 20 ലക്ഷം രൂപ വീതം ലഭ്യമാക്കും.
മെഡിക്കൽ പഠനകാലത്തെ ഹോസ്റ്റൽ അന്തരീക്ഷവും കൂട്ടായ്മകളും ഓർക്കുമ്പോൾ ഈ ദുരന്തം വ്യക്തിപരമായി ഏറെ വേദനാജനകമാണെന്ന് ഡോ. ഷംഷീർ പറഞ്ഞു. മംഗലാപുരത്തെ കസ്തൂർബ മെഡിക്കൽ കോളജിലും ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കൽ കോളജിലുമുള്ള സ്വന്തം വിദ്യാർഥി ജീവിതകാലത്തെ ഹോസ്റ്റൽ ഓർമകൾ അപകട ദൃശ്യങ്ങൾ കണ്ടപ്പോൾ മനസ്സിലേക്ക് ഓടിയെത്തി. വിദ്യാർഥികളുടെയും അവരുടെ ചുറ്റുപാടുകളുടെയും അവസ്ഥ തനിക്ക് സുപരിചിതമാണ്. ആരോഗ്യ സേവനം സ്വപ്നം കണ്ട് ലക്ഷ്യത്തിലേക്ക് അടുക്കുമ്പോഴാണ് ഈ ദാരുണ സംഭവം. ദുരന്തത്തിൽപ്പെട്ട വിദ്യാർഥികളുടെ ആഗ്രഹങ്ങൾ നിറവേറ്റാനും അവരുടെ കുടുംബാംഗങ്ങൾക്ക് താങ്ങും തണലുമാകാനുമാണ് ഈ സഹായം.
ദുരന്തബാധിതരായ വിദ്യാർഥികളെയും കുടുംബങ്ങളെയും സഹായിക്കുന്നതിനായി പ്രവർത്തിക്കുന്ന ബിജെ മെഡിക്കൽ കോളജിലെ ജൂനിയർ ഡോക്ടർമാരുടെ അസോസിയേഷനുമായി സഹകരിച്ച് സഹായം ആവശ്യമുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുകയാണെന്ന് ഡോ. ഷംഷീർ അറിയിച്ചു. മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥി റിതേഷ് കുമാർ ശർമ്മ ഉൾപ്പെടെ സാരമായി പരുക്കേറ്റവർക്കാണ് 20 ലക്ഷം രൂപയുടെ സഹായം ലഭിക്കുക. ഉച്ചഭക്ഷണ സമയത്ത് കോളജിലെ അതുല്യം ഹോസ്റ്റൽ സമുച്ചയത്തിലേക്ക് വിമാനം ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ വിദ്യാർഥികളുടെ താമസസ്ഥലങ്ങളും ഡൈനിങ് ഹാളും തകർന്നു.