എസ്‌ഐയെ വാഹനം ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; ഒന്നാം പ്രതി കോടതിയില്‍ കീഴടങ്ങി

മൂവാറ്റുപുഴ കല്ലൂര്‍ക്കാട് എസ്‌ഐയെ കാര്‍ കയറ്റി അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒന്നാംപ്രതി കോടതിയില്‍ കീഴടങ്ങി. മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് ഷെരീഫിനെ കോടതി 14 ദിവസത്തേക്ക് റൊമാന്റ ചെയ്തു. രണ്ടാംപ്രതി തൊടുപുഴ സ്വദേശി ആഫീസ് ഇപ്പോഴും ഒളിവിലാണ്.

എസ്‌ഐയെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടും കാര്യമായ പുരോഗതി ഇല്ലാതിരിക്കുന്ന വേളയിലാണ് ഒന്നാംപ്രതി നേരിട്ട് കോടതിയില്‍ ഹാജരായത്. കോടതിയില്‍ നേരിട്ട് ഹാജരായതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിയെ തിരിച്ചറിഞ്ഞതോടെയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. വധശ്രമം, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നിങ്ങനെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്.അന്വേഷണത്തിന്റെ ഭാഗമായി നിലവില്‍ റിമാന്‍ഡില്‍ ഉള്ള പ്രതിക്കായി നാളെ കല്ലൂര്‍ക്കാട് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും. സംഭവസ്ഥലത്ത് എത്തിച്ച തെളിവെടുപ്പും മറ്റും നടത്താനാണ് പൊലീസ് ആലോചിക്കുന്നത്. അതിനിടെ ചികിത്സയിലായിരുന്ന എസ്‌ഐ മുഹമ്മദ് ഇന്ന് വീട്ടിലേക്ക് മടങ്ങി. ഇടത്തെ കാലിന് ഒടിവും ദേഹമാസകലം പരുക്കുമുണ്ട്. ആറുമാസം പരിപൂര്‍ണ വിശ്രമം ആണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Comments (0)
Add Comment